മസ്തകത്തില്‍ പരിക്കേറ്റ കൊമ്പനെ വരുതിയിലാക്കാൻ കുങ്കിയാന എത്തി

ചാലക്കുടി : മസ്തകത്തിൽ പരിക്കേറ്റ കൊമ്പനെ വരുതിയിലാക്കാനായുള്ള കുങ്കിയാനയെ അതിരപ്പിള്ളിയിലെത്തിച്ചു. ദൗത്യത്തിനായുള്ള മൂന്ന് കുങ്കിയാനകളിൽ ഒരെണ്ണത്തെയാണ് വയനാട്ടിൽ നിന്നും ലോറി മാർഗം എത്തിച്ചത്. ആനയെ വെറ്റിലപ്പാറ പതിനഞ്ചാം ബ്ലോക്കിൽ അംഗണവാടിക്ക് സമീപം തളച്ചിരിക്കുകയാണ്. മറ്റ് രണ്ടാനകളെ തിങ്കളാഴ്ച എത്തിക്കും. കോടനാട് ആനക്കൂടിന്റെ ബലം ഉറപ്പിക്കാനായുള്ള യൂക്കാലി മരങ്ങൾ ഞായറാഴ്ച സ്ഥലത്തെത്തിച്ചു. തിങ്കളാഴ്ച നിർമ്മാണം ആരംഭിക്കും. ഒരു ദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാകും. ചൊവ്വാഴ്ച ആനക്ക് മയക്കുവെടി നല്കാനുള്ള ദൗത്യം തുടങ്ങും. മയക്കുവെടി നല്കി കുങ്കിയാനകളുടെ സഹായത്തോടെ കോടനാടുള്ള ആനകൂട്ടിലെത്തിക്കാനാണ് പദ്ധതി. കോടനാട് ആനകൂട്ടിലെത്തിച്ച് പരിചരണം നല്കാനാണ് ഉദേശിക്കുന്നത്. മുറിവുണങ്ങുന്നത് വരെ ചികിത്സ നല്കും. ജനുവരി 24ന് ആനക്ക് മയക്കുവെടി വച്ച് ചികിത്സ നൽകിയിരുന്നു.
എന്നാൽ മുറിവുണങ്ങാതെ വന്നതോടെയാണ് വീണ്ടും ചികിത്സ നല്കാനൊരുങ്ങുന്നത്. രണ്ടാം തവണ മയക്കുവെടി നല്കുന്നത് വെല്ലുവിളിയാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. മുറിവുണങ്ങാത്തതും ചികിത്സ നല്കാൻ മറ്റുമാർഗങ്ങളില്ലാത്തതിനാലുമാണ് വീണ്ടും മയക്കുവെടി നല്കാനൊരുങ്ങുന്നത്. ആന ഭക്ഷണവും വെള്ളവും എടുക്കുന്നുണ്ട്. എന്നാൽ ആന ക്ഷീണിതനുമാണ്. നിലവിൽ മസ്തകത്തിൽ മുറിവേറ്റ ആന ഏഴാറ്റുമുഖം, വെറ്റിലപ്പാറ, പ്ലാന്റേഷൻ, ചാലക്കുടിപുഴയോരം എന്നിവിടങ്ങളിൽ മാറി മാറി എത്തുന്നുണ്ട്. കൊമ്പൻമാർ തമ്മിൽ കൊമ്പുകോർത്തപ്പോഴാണ് മസ്തകത്തിൽ മുറിവേറ്റത്.










0 comments