print edition പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദനം യുവാവിന് ദാരുണാന്ത്യം

കുണ്ടറ (കൊല്ലം):കള്ളക്കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ച യുവാവ് വാരിയെല്ല് തകർന്ന് മരിച്ചു. കുണ്ടറ കുരീപ്പള്ളി കുളത്തിൻകര കടയിൽ വീട്ടിൽ ബദറുദ്ദീന്റെയും ആരിഫ ബീവിയുടെയും മകൻ സിയാദ് (36)ആണ് കൊല്ലപ്പെട്ടത്.
ജൂൺ 16ന് അർധരാത്രിയാണ് അയൽവാസിയായ ആൺകുട്ടിയെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയിൽ ചോദ്യംചെയ്യാൻ സിയാദിനെ കുണ്ടറ പൊലീസ് പെരുമ്പുഴയിലെ ഭാര്യവീട്ടിൽനിന്ന് പിടിച്ചുകൊണ്ടുപോയത്. സിയാദ് അപസ്‌മാരത്തിനുള്ള മരുന്നുകഴിച്ച് ഉറങ്ങുകയാണെന്ന് ഭാര്യയും മകളും കരഞ്ഞ് പറഞ്ഞിട്ടും എസ്ഐ അതുൽ, സിവിൽ പൊലീസ് ഓഫീസർ ശ്രീജിത് എന്നിവർ ചേർന്ന് ബലമായി ജീപ്പിൽ കയറ്റി.
ജീപ്പിൽ ഡ്രൈവറെക്കൂടാതെ പരാതിക്കാരിയായ പതിനഞ്ചുകാരിയും ഉണ്ടായിരുന്നു. സ്റ്റേഷനിലേക്ക് പോകുംവഴി കോവിൽമുക്കിൽ ജീപ്പ് നിർത്തിയശേഷം സിയാദിനെ ക്രൂരമായി മർദിച്ചതായി പരാതിക്കാരി പിന്നീട് സിയാദിന്റെ ഭാര്യ സാലിയയോട് പറഞ്ഞു. കുനിച്ചിരുത്തി മുതുകിൽ സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്താണ് മർദിച്ചത്. സ്റ്റേഷനിൽ സിസിടിവി കാമറയുണ്ടെന്നും അവിടെ ചെന്നാൽ ഇത് നടക്കില്ലെന്നും പറഞ്ഞായിരുന്നു മർദനം. സിയാദ് 17ന് പുലർച്ചെ ഭാര്യയെ ഫോണിൽ വിളിച്ച് പൊലീസ് ഉപദ്രവിച്ചെന്നും റിമാൻഡ് ചെയ്യുമെന്ന് പറഞ്ഞെന്നും വേഗം സ്റ്റേഷനിൽ എത്തണമെന്നും പറഞ്ഞു. ഇതിനിടെ കാണാതായ കുട്ടിയെയും കൂട്ടി അച്ഛൻ സ്റ്റേഷനിലെത്തി. സഹോദരിയുമായി വഴക്കുണ്ടാക്കി മാറിനിൽക്കുകയായിരുന്നെന്നും സംഭവത്തിൽ സിയാദിനു പങ്കില്ലെന്നും കുട്ടി പൊലീസിന് മൊഴിനൽകി. തുടർന്ന് സിയാദിനെ വിട്ടയച്ചു.
മർദനമേറ്റ് അവശനായ സിയാദ് സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും കുണ്ടറ താലൂക്കാശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും ചികിത്സതേടി. വിശദ പരിശോധനയിൽ വാരിയെല്ലിന് പൊട്ടലും അണുബാധയും ഉണ്ടെന്ന് സ്ഥിരീകരിച്ചു. ആരോഗ്യനില വഷളായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 25ന് മരിച്ചു. മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സ്വകാര്യബസ് ഡ്രൈവറായിരുന്നു. മക്കൾ: മുഹമ്മദ് അമീൻ, ആയിഷ.
പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ കുണ്ടറ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ എംഎൽഎ സിയാദിന്റെ വീട് സന്ദർശിച്ചു.










0 comments