Deshabhimani

കുമരകത്തെ കുടിവെള്ള പ്രതിസന്ധി: റിസോർട്ടുകളുടെ ജല ഉപഭോഗം പരിശോധിക്കും

1
വെബ് ഡെസ്ക്

Published on Oct 05, 2026, 08:50 PM | 1 min read

കുമരകം: കുമരകത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിലനിൽക്കുന്ന രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വാട്ടർ അതോറിറ്റി അധികൃതരുമായി ചർച്ച നടത്തി. കുമരകത്തിന്റെ തെക്കൻ മേഖലയിലെ വാട്ടർ ടാങ്കിൽ നിന്ന് നിരവധി റിസോർട്ടുകൾ ഉൾപ്പെടുന്ന മേലേക്കര, അമ്മംകരി, നസ്രത്ത് തുടങ്ങിയ പ്രദേശങ്ങൾ വഴിയാണ് തെക്കൻ മേഖലയിലേക്കുള്ള പ്രധാന പൈപ്പ് ലൈൻ കടന്നുപോകുന്നത്.ഇവിടങ്ങളിലുള്ള റിസോർട്ടുകൾ അമിതമായി ജലം എടുക്കുന്നതാണ് പ്രദേശവാസികൾക്ക് വെള്ളം ലഭിക്കാത്തതിന് പ്രധാന കാരണമെന്ന ആക്ഷേപം ജനപ്രതിനിധികൾ ചർച്ചയിൽ ഉന്നയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ റിസോർട്ടുകൾക്ക് ലഭിക്കുന്ന ജലത്തിന്റെ അളവ് പരിശോധിക്കാൻ തീരുമാനമായി.

വിവിധ വാർഡുകളിൽ അടിയന്തരമായി ചെയ്യേണ്ട അറ്റകുറ്റപ്പണികളും പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതും സംബന്ധിച്ച പ്രവൃത്തികൾ മുൻഗണനാക്രമത്തിൽ രേഖാമൂലം എക്സിക്യൂട്ടീവ് എൻജിനീയർക്ക് സമർപ്പിച്ചിട്ടുണ്ട്. ഇവ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് അധികൃതർ ഉറപ്പ് നൽകി. കൂടാതെ ചെങ്ങളത്തെ ജലശുദ്ധീകരണ പ്ലാന്റിൽ നിന്ന് കുമരകത്തെ വാട്ടർ ടാങ്കുകളിലേക്ക് എത്തുന്ന ജലത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞിട്ടുള്ളതിനെ കുറിച്ച് പരിശോധന നടത്തുന്നതിനായി ഇരു വാട്ടർ ടാങ്കുകളിലും 10 ദിവസത്തിനുള്ളിൽ പ്രത്യേക മീറ്റർ സംവിധാനം സ്ഥാപിക്കാനും പമ്പിങ് ഓപ്പറേറ്റർമാർ വാൽവുകൾ തുറക്കുന്നതിനെ സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ പരിശോധിക്കാനും തീരുമാനമായി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ പിഗോപി, വൈസ് പ്രസിഡന്റ് രമ്യ ഷിജോ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ അനിൽ രാജു, അസി.എക്സിക്യൂട്ടീവ് എൻജിനീയർ ബാസ്റ്റിൻ ജോൺ, അസി.എൻജിനീയർ ശ്രുതി രാജ്, മെയിന്റനൻസ് കരാറുകാരൻ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home