കുമരകം ബോട്ടപകടത്തിന് ഇന്ന് 23 വയസ്സ്

കുമരകം
29 പേർ മരിച്ച കുമരകം ബോട്ടപകടത്തിന് ഞായറാഴ്‌ച 23 വയസ്സ്. 2002 ജൂലൈ 27-ന് രാവിലെ 6.10ന് വേമ്പനാട്ട് കായലിൽ കുമരകത്തിന് സമീപമായിരുന്നു ബോട്ടപകടം. മരിച്ചവരിൽ 15 സ്ത്രീകളും ഒമ്പതു മാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ടായി രുന്നു.
മുഹമ്മയിൽനിന്ന് രാവിലെ 5.45-ന് നിറയെ യാത്രക്കാരുമായി കുമരകത്തേക്കു പോയ ജലഗതാഗത വകുപ്പിന്റെ എ 53 നമ്പർ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കുമരകം ജെട്ടിയിൽ എത്തുന്നതിന് ഒരു കിലോമീറ്റർ ബാക്കി നിൽക്കെയായിരുന്നു അപകടം. പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ എഴുതാൻ കോട്ടയത്തേക്കു പോയ മുഹമ്മ, കായിപ്പുറം, പുത്തനങ്ങാടി പ്രദേശങ്ങളിലെ ഉദ്യോഗാർഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നവരിൽ ഏറെയും.
അമിതയാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് കായലിലെ മണൽത്തിട്ടയിൽ ഇടിച്ചാണ് അപകടമുണ്ടായത്. സമീപത്തുണ്ടായിരുന്ന മീൻപിടിത്തക്കാരും നാട്ടുകാരുമാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് അഗ്‌നിരക്ഷാസേനയും പൊലീസും എത്തി.
ഞായർ പുലർച്ചെ ആറിന് മുഹമ്മയിൽ അനുസ്‌മരണ പരിപാടികൾ നടക്കും. കുമരകം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബോട്ട് ജെട്ടിയിൽ ദുരന്തസ്‌മാരക മന്ദിരത്തിലും അനുസ്‌മരണ പരിപാടി സംഘടിപ്പിക്കും.










0 comments