കുടുംബശ്രീ ബെെലോ ഭേദഗതി ചെയ്തു

എല്ലാ കുടുംബങ്ങൾക്കും ശ്രീ ; എല്ലാവർക്കും അയൽക്കൂട്ടം അംഗമാകാം

kudumbashree bylaw
avatar
സ്വാതി സുജാത

Published on Sep 24, 2025, 02:57 AM | 1 min read


തിരുവനന്തപുരം

കേരളത്തിന്റെ മഹാമാതൃകയായി ലോകം ശ്രദ്ധിക്കുന്ന കുടുംബശ്രീയിൽ ഇനി എല്ലാകുടുംബങ്ങൾക്കും അംഗമാകാം. ദാരിദ്ര്യനിർമാർജന പദ്ധതിയെന്ന നിലയിൽ നിലവിൽ ദരിദ്രകുടുംബങ്ങൾ മാത്രമാണ്‌ അംഗങ്ങൾ. എല്ലാ കുടുംബങ്ങൾക്കും അയൽക്കൂട്ടം അംഗങ്ങളാകാമെന്നതടക്കം കുടുംബശ്രീ കമ്യൂണിറ്റി ഡെവലപ്‌മെന്റ്‌ സൊസൈറ്റി(സിഡിഎസ്‌)യുടെ ബൈലോ ഭേദഗതിചെയ്‌തു. തദ്ദേശവകുപ്പ്‌ ഇത്‌ അംഗീകരിച്ച്‌ ഉത്തരവും ഇറക്കി.


അവശത അനുഭവിക്കുന്ന ബധിര–മൂകർ, അന്ധർ, മാനസിക–ശാരീരിക വെല്ലുവിളി നേരിടുന്നവർ, എയ്‌ഡ്‌സ്‌ ബാധിതർ, ട്രാൻസ്‌ജെൻഡേഴ്സ്‌, വയോജനങ്ങൾ തുടങ്ങിയവർക്കായി പ്രത്യേക അയൽക്കൂട്ടം രൂപീകരിച്ച്‌ സിഡിഎസ്‌ നേതൃത്വത്തിൽ പ്രവർത്തിക്കാം. ഇതിൽ 40 ശതമാനംവരെ പുരുഷന്മാരെ ഉൾപ്പെടുത്താം. ഇത്തരം ഒന്നിൽകൂടുതൽ സംഘങ്ങളുണ്ടെങ്കിൽ പ്രത്യേക എഡിഎസും രൂപീകരിക്കാം.


അയൽകൂട്ടങ്ങളിൽ എസ്‌സി/എസ്‌ടി, തീരദേശ മേഖലയിലെ കുടുംബങ്ങൾ എന്നിവരെ നിർബന്ധമായും ഉൾച്ചേർക്കണം. ഏതെങ്കിലും കാരണവശാൽ ഒരു അയൽകൂട്ടത്തിന്‌ എഡിഎ-സ്‌ അഫിലിയേഷൻ ശുപാർശയ്‌ക്ക്‌ വിസമ്മതിച്ചാൽ സിഡിഎസ്‌ ഉചിതമായ തീരുമാനം എടുക്കണം. സിഡിഎസ്‌ വിസമ്മതിച്ചാൽ ജില്ലാ മിഷൻ കോർഡിനേറ്റർ ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കണം.


അയൽക്കൂട്ടം അംഗമല്ലാത്ത 10 മുതൽ 20 പേരടങ്ങുന്ന യുവതികൂട്ടായ്‌മയായ ഓക്‌സിലറി ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളും ബൈലോയിൽ ഉൾപ്പെടുത്തി. അംഗങ്ങളിൽ മാനസികോല്ലാസം ഉറപ്പുവരുത്തുന്നതിനൊപ്പം സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാനുള്ള ഇടമാക്കി കുടുംബശ്രീയെ മാറ്റുക, വൈജ്ഞാനിക സമ്പദ്ഘടന പ്രോത്സാഹിപ്പിക്കുക എന്നിവയാണ്‌ ദ‍ൗത്യങ്ങൾ. കുടുംബശ്രീ വിലയിരുത്തൽ സമിതിയെ സിഡിഎസ്‌ സംയോജന വികസന സമിതി എന്നു പുനർനാമകരണംചെയ്‌തു. വാർഡ്‌ അടിസ്ഥാനത്തിൽ പ്രവർത്തനം കാര്യക്ഷമമാക്കാൻ എഡിഎസ്‌ സംയോജന വികസന സമിതിയും സാമ്പത്തിക കാര്യങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ ഓഡിറ്റ്‌ സമിതിയും രൂപീകരിക്കണം.


സിഡിഎസ്‌ ചെയർപേഴ്‌സൺമാർക്ക്‌ ഓണറേറിയത്തോടെ ആറുമാസം പ്രസവാവധി അനുവദിക്കാം. കുടുംബശ്രീ സംഘടനാ സംവിധാനത്തിൽ വായ്‌പാ കുടിശ്ശികയുള്ളവർക്കും പ്രതിമാസ ഓണറേറിയമോ ശമ്പളമോ കൈപ്പറ്റുന്നവർക്കും കുടുംബശ്രീ സംഘടനാ സംവിധാനത്തിലേക്ക്‌ മത്സരിക്കാൻ കഴിയില്ലെന്നും ബൈലോ വ്യക്തമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home