ഭൂമി വാങ്ങിയ രേഖയിതാ! പച്ചക്കള്ളം പറയരുതേ... ഭൂമിയ്ക്ക് വിലനിശ്ചയിച്ചതുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിട്ട് കെ ടി ജലീൽ

മലപ്പുറം: മലയാളം സർവ്വകലാശാല വിവാദത്തിൽ യുഡിഎഫ് ഭരണക്കാലത്ത് ഭൂമിയ്ക്ക് വിലനിശ്ചയിച്ചതുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിട്ട് കെടി ജലീൽ.2016 ഫെബ്രുവരി 22-ന് ജില്ലാ കളക്ടർ ഒപ്പിട്ട വിലനിർണയ സാക്ഷ്യപത്രമാണ് ജലീൽ പുറത്തുവിട്ടത്.
ലീഗ് നേതാവ് സി മമ്മൂട്ടി തിരൂർ എംഎൽഎ ആയിരുന്ന സമയത്ത് 2016 ഫെബ്രുവരിയിൽ മലപ്പുറത്ത് കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് 17 ഏക്കർ 21 സെന്റ് സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചതെന്നും ഒരു സെന്റിന് 1,70,000 രൂപയായിരുന്നു നിശ്ചയിച്ചതെന്നും ജലീൽ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഭൂമിയേറ്റെടുപ്പ് വിഷയത്തിൽ വിജിലൻസ് അന്വേഷണത്തിന് തയ്യാറാണോയെന്ന് പി.കെ. ഫിറോസ് ജലീലിനെ വെല്ലുവിളിച്ചു.. "റബ്ബേ റബ്ബേ രേഖയിതാ! ഭൂമി വാങ്ങിയ രേഖയിതാ! പച്ചക്കള്ളം പറയരുതേ! സാക്ഷാൽ "റബ്ബ്" പൊറുക്കൂലാ!" എന്ന കുറിപ്പോടെയാണ് രേഖ ജലീൽ ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.
യുഡിഎഫിന്റെ ഭരണകാലത്താണ് ഭൂമിയേറ്റെടുപ്പ് നടന്നതെന്ന് അദ്ദേഹം ഇനിയും പറയുകയാണെങ്കിൽ അതും അന്വേഷിക്കട്ടെ. ഒരു വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടാൻ മുഖ്യമന്ത്രിയെ കണ്ട് ഉത്തരവ് വാങ്ങിക്കാൻ കെ.ടി. ജലീൽ തയ്യാറുണ്ടോയെന്നും ഫിറോസ് ചോദിച്ചു. തുടർന്നാണ് യുഡിഎഫ് ഭരണക്കാലത്ത് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിലനിർണയിച്ചതിന്റെ രേഖകൾ ജലീൽ പുറത്തുവിട്ടത്.
ഏറ്റെടുക്കേണ്ട ഭൂമിക്ക് യുഡിഎഫ് സർക്കാർ ഉയർന്ന വില നിശ്ചയിച്ചത് പറമ്പുകച്ചവടക്കാരുടെയും ലീഗ് നേതാക്കളുടെയും താൽപ്പര്യത്തിന് വഴങ്ങിയാണോയെന്ന് സംശയിക്കണം. ഭൂമി ഏറ്റെടുത്തതിൽ അഴിമതിയുണ്ടെങ്കിൽ യുഡിഎഫ് സർക്കാരിന്റെ കാലത്തെ മന്ത്രിമാരായ പി കെ അബ്ദുറബ്ബിനോടും പി കെ കുഞ്ഞാലിക്കുട്ടിയോടുമാണ് ചോദിക്കേണ്ടതെന്നും ജലീൽ തിരൂരിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു









0 comments