വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതികളും നടപടിക്രമങ്ങളും എളുപ്പത്തിലാക്കി കെ സ്വിഫ്റ്റ്

k swift
വെബ് ഡെസ്ക്

Published on Aug 17, 2025, 06:46 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും അനുമതികളും എളുപ്പത്തിലാക്കി കെ സ്വിഫ്റ്റ് (കേരള സിംഗിള്‍ വിന്‍ഡോ ഇന്‍റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പരന്‍റ് ക്ലിയറന്‍സ്). സംരംഭങ്ങളുടെ അംഗീകാരങ്ങള്‍ക്കായി അപേക്ഷിക്കുക, സ്റ്റാറ്റസ് ട്രാക്ക് ചെയ്യുക, പേയ്മെന്‍റുകള്‍ നടത്തുക, ലൈസന്‍സുകള്‍ ഡൗണ്‍ലോഡ് ചെയ്യുക എന്നിവയെല്ലാം കെ-സ്വിഫ്റ്റ് പോര്‍ട്ടലില്‍ നിന്ന് സാധ്യമാകും. 22 വകുപ്പുകളിലായി 120 സേവനങ്ങളാണ് ഇതില്‍ സംയോജിപ്പിച്ചിരിക്കുന്നത്. കെ-സ്വിഫ്റ്റ് പ്ലാറ്റ് ഫോം വഴി നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ക്ക് ഉടനടി അനുമതി നല്‍കും.


വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേഗത്തിലും സുതാര്യവുമാക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഡിജിറ്റല്‍ പ്ലാറ്റ് ഫോമാണ് കെ സ്വിഫ്റ്റ് (https://kswift.kerala.gov.in/index/). ഉദ്യോഗസ്ഥ തടസ്സങ്ങള്‍ കുറച്ചുകൊണ്ട് സംരംഭകത്വം വളര്‍ത്തിയെടുക്കാനും അതുവഴി സംസ്ഥാനത്ത് കൂടുതല്‍ വ്യവസായസൗഹൃദ അന്തരീക്ഷം പ്രോത്സാഹിപ്പിക്കാനുമാണ് കെ-സ്വിഫ്റ്റ് ലക്ഷ്യമിടുന്നത്. എംഎസ്എംഇകള്‍ക്ക് മൂന്നര വര്‍ഷത്തെ ഇന്‍-പ്രിന്‍സിപ്പല്‍ അപ്രൂവല്‍ ഉപയോഗിച്ച് വ്യവസായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകും. മുന്‍കൂര്‍ അംഗീകാരങ്ങള്‍ക്കായി കാത്തിരിക്കേണ്ടതില്ല. തത്സമയ ആപ്ലിക്കേഷന്‍ ട്രാക്കിംഗ്, സ്റ്റാന്‍ഡേര്‍ഡ് ടൈംലൈനുകള്‍ എന്നിവയുണ്ടാകും. നവീകരിച്ച കെ-സ്വിഫ്റ്റ് പോര്‍ട്ടല്‍ നടപ്പിലാക്കിയതിനുശേഷം ഏകദേശം 75,000-ത്തിലധികം എംഎസ്എംഇകളാണ്‌ ആരംഭിച്ചത്‌. എംഎസ്എംഇകള്‍ക്കുള്ള ഇന്‍-പ്രിന്‍സിപ്പല്‍ അപ്രൂവല്‍ കാലയളവ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ച തീയതി മുതല്‍ മൂന്ന് വര്‍ഷത്തേക്ക് സാധുതയുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ സാധുത മൂന്നര വര്‍ഷമായി നീട്ടിയിട്ടുണ്ട്. ഈ കാലയളവില്‍ പ്രത്യേക അനുമതികള്‍ നേടുന്നതില്‍ നിന്നും പരിശോധനകള്‍ക്ക് വിധേയമാകുന്നതില്‍ നിന്നും സംരംഭങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് 'റെഡ്' വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത വ്യവസായ സംരംഭങ്ങള്‍ക്ക് ഓട്ടോമാറ്റിക് അംഗീകാരത്തിന് അര്‍ഹതയുണ്ട്. ഈ പ്രക്രിയയ്ക്ക് സെല്‍ഫ് സര്‍ട്ടിഫിക്കേഷന്‍ മതി. അപേക്ഷയും ഫീസും സമര്‍പ്പിച്ചാല്‍ യോഗ്യതയുള്ള സംരംഭങ്ങള്‍ക്ക് കെ-സ്വിഫ്റ്റിലൂടെ ഉടനടി അംഗീകാര സര്‍ട്ടിഫിക്കറ്റ് നല്‍കും. കെ-സ്വിഫ്റ്റിലെ പൊതു അപേക്ഷാ ഫോം (സിഎഎഫ്) ഉപയോഗിച്ച് സംരംഭകര്‍ക്ക് ഒറ്റ അപേക്ഷയിലൂടെ വിവിധ വകുപ്പുകളിലെ ഒന്നിലധികം ലൈസന്‍സുകളും അംഗീകാരങ്ങളും ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home