അത് വെറും ‘സംഘർഷം’ ; മാധ്യമപ്പക തുടരുന്നു

തിരുവനന്തപുരം : കാമ്പസിലെ വിദ്യാർഥി രാഷ്‌ട്രീയ അക്രമങ്ങൾക്കെതിരെ വാർത്തകൊടുക്കുന്ന മുഖ്യധാരാമാധ്യമങ്ങൾ,എസ്‌എഫ്‌ഐ നേതാവിനെ മർദിക്കുന്ന വീഡിയോ ‘വെറും സംഘർഷ ’മാക്കി എഴുതിത്തള്ളി.
എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ആശിഷിനെ കെഎസ്‌യു പ്രവർത്തകർ തല്ലി മൃതപ്രായമാക്കിയത് പ്രധാനവാർത്തയേ അല്ല. ആക്രമണം കലോത്സവത്തിനിടെനടന്ന ഏറ്റുമുട്ടലായി ചിത്രീകരിക്കാനായിരുന്നു മാധ്യമങ്ങൾക്ക് തിടുക്കം.
കലോത്സവനടത്തിപ്പിലെ അപാകവും മോശം സംഘാടനവും ചോദ്യം ചെയ്തതിനാണ് കെഎസ്‌യു പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതെന്ന, വിദ്യാർഥികളുടെ വിശദീകരണം തമസ്കരിച്ചു. ആംബുലൻസിൽ രക്ഷപ്പെടാൻ ശ്രമിച്ച അക്രമികളെ തടഞ്ഞതിനെതിരെ വാർത്ത കൊടുത്ത് കെഎസ്-യുവിനോടുള്ള വിധേയത്വം മാധ്യമങ്ങൾ കാണിച്ചു.
നിലത്തുവീണ ആശിഷിനെ അക്രമിസംഘം ഇരുമ്പ്‌വടികൊണ്ട് ആക്രമിക്കുന്നത് വീഡിയോവിൽ കാണാം. മർദനമേൽക്കുമ്പോൾ മറ്റ് വിദ്യാർഥികൾ പരിസരത്തില്ല. എന്നിട്ടും സംഘർഷമാക്കി ചിത്രീകരിച്ചു. തൃശൂരിൽ കലോത്സവത്തിനിടെയാണ് കൊച്ചനിയനെന്ന എസ്‌എഫ്‌ഐ സംസ്ഥാന നേതാവിനെ കുത്തിക്കൊന്നത്. അന്ന് , കലോത്സവം മുടങ്ങിയതിന് പ്രാധാന്യം നൽകിയ അതേ മാധ്യമപ്പക ഇന്നും തുടരുന്നു. ധീരജ് രാജേന്ദ്രനെ യൂത്ത് കോൺഗ്രസുകാർ കൊലപ്പെടുത്തിയപ്പോൾ ‘ ഇരന്ന് വാങ്ങിയ കൊലപാതകം ’ എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞത് ആഘോഷമാക്കുകയും ചെയ്തു മാധ്യമങ്ങൾ.











0 comments