അഞ്ചാംക്ലാസുകാരിക്ക് ക്രൂരമർദനം; അച്ഛൻ കസ്റ്റഡിയിൽ

പാലക്കാട്
ചിറ്റൂർ വണ്ടിത്താവളത്ത് അഞ്ചാംക്ലാസുകാരിയെ ക്രൂരമായി മർദിച്ച അച്ഛൻ പൊലീസ് കസ്റ്റഡിയിൽ. ഞായറാഴ്‌ച രാവിലെയാണ് വലിയ വടിയുപയോഗിച്ച് അച്ഛൻ മകളെ മർദിക്കുന്ന ദൃശ്യങ്ങൾ അയൽവാസികൾ മൊബൈലിൽ പകർത്തിയത്. കുട്ടി മർദനമേറ്റ് നിലവിളിക്കുന്നതും നിലത്ത് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങൾ തിരിച്ചറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. അച്ഛൻ ലഹരിക്കടിമയാണെന്ന സമീപവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വീട്ടിൽ പരിശോധന നടത്തി. എന്നാൽ അച്ഛനെതിരെ പരാതിയോ മൊഴിയോ നൽകാൻ അമ്മയും കുട്ടിയും തയ്യാറായില്ല. പിന്നീട് സംഭവം ചൈൽഡ് ലൈനിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും പ്രവർത്തകരെത്തി കൗൺസലിങ് നൽകിയശേഷമാണ് കുട്ടിയുടെ മൊഴിയെടുത്തത്. അച്ഛൻ മദ്യലഹരിയിൽ അമ്മയെയും തന്നെയും മർദിക്കാറുണ്ടെന്ന് കുട്ടി മൊഴിനൽകി. തുടർന്ന്, കുട്ടിയെ ശിശുക്ഷേമ സമിതിക്കു കീഴിലെ ഷെൽട്ടറിലേക്ക് മാറ്റി. സംഭവത്തിൽ അച്ഛനെതിരെ മീനാക്ഷിപുരം പൊലീസ് കേസെടുത്തു.










0 comments