കറന്റ് വന്നു, പോയി; 12 തവണ


സ്വന്തം ലേഖകൻ
Published on Jun 29, 2026, 01:33 AM | 1 min read
പാലക്കാട്
കറന്റ് വന്നു, പോയി, വീണ്ടും വന്നു, വീണ്ടും പോയി... ഇങ്ങനെ ഒന്നും രണ്ടും തവണയൊന്നുമല്ല, ഒരു മുന്നറിയിപ്പുമില്ലാതെ 12 തവണയാണ് ജില്ലയിൽ ഞായറാഴ്‌ച വൈദ്യുതി മുടങ്ങിയത്. യുഡിഎഫ് സർക്കാരിന്റെ "ഇരുണ്ടകാലം' തിരിച്ചെത്തിയതോടെ അഞ്ച് മണിക്കൂറിലധികം വൈദ്യുതിയില്ലാതെ ജനം വലഞ്ഞു. ഫുട്‌ബോൾ ലോകകപ്പ് നടക്കുന്ന സമയമായിട്ട് പോലും 16 മുതൽ സംസ്ഥാനത്ത് രാത്രിയിൽ വൈദ്യുതി മുടങ്ങിയത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പകലും കെഎസ്‌ഇബി വൈദ്യുതി വിച്ഛേദിക്കാൻ ആരംഭിച്ചത്. ഞായറാഴ്ച അവധി ദിനമായിരുന്നതിനാൽ വീട്ടിലിരുന്ന് സമയം ചിലവഴിക്കുന്നവരെല്ലാം ദുരിതത്തിലായി. പലയിടങ്ങളിലും ഇരുപത് മിനിറ്റ് മുതൽ അരമണിക്കൂർ വരെ നീളുന്ന ഇടവേളകളിലാണ് വൈദ്യുതി മുടങ്ങിയത്. ഉയർന്ന താപനില നിലനിൽക്കുന്ന ജില്ലയിൽ തുടർച്ചയായ വൈദ്യുതി മുടക്കത്തിൽ വയോജനങ്ങളും കൂട്ടികളും ബുദ്ധിമുട്ടി. വ്യാപാര സ്ഥാപനങ്ങളെയും ബാധിച്ചു. നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് തുടർച്ചയായ വോൾട്ടേജ് വ്യതിയാനം കാരണം കേടുപാടുകളുണ്ടായി. അവധി ദിവസം നോക്കി ചില ജോലികൾ ഏറ്റെടുത്തവർ പണികൾ നടത്താനാവാതെ കുരുക്കിലായി. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്തവിധം മുൻകൂട്ടി സമയക്രമം പ്രഖ്യാപിച്ച് മാത്രമേ നിയന്ത്രണം നടപ്പിലാക്കാവൂവെന്നും അല്ലെങ്കിൽ കച്ചവടം താളം തെറ്റുമെന്നും വ്യാപാരികൾ പറഞ്ഞു.










0 comments