കെഎസ്‌യു അധ്യക്ഷന് കൂടിക്കാഴ്ച നിഷേധിച്ചിട്ടില്ല; മുഖ്യമന്ത്രി തിരക്കിലായിരുന്നു: വിവാദമായപ്പോൾ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. കൂടിക്കാഴ്ചയ്ക്ക് അപേക്ഷിച്ച ദിവസം മുഖ്യമന്ത്രി തിരക്കിലായിരുന്നു. തുടർന്ന് ഇന്നലെ കൊച്ചിയിൽ കൂടിക്കാഴ്ചയ്ക്ക് ശ്രമം നടത്തിയെങ്കിലും സാധ്യമായില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
കൂടിക്കാഴ്ച നിഷേധിച്ചതായി ഉയർന്നുവന്ന വാർത്തകളിൽ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ട്. അതേസമയം, കെഎസ്‌യുവിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശങ്ങളിൽ കോൺഗ്രസിനുള്ളിൽ തന്നെ ഭിന്നത രൂക്ഷമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നടപടിയെ വിമർശിച്ച് ജിന്റോ ജോൺ, വി ആർ അനൂപ് തുടങ്ങിയ നേതാക്കൾ രംഗത്തെത്തി.
മുഖ്യമന്ത്രിയെ കാണാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നും ജിന്റോ ജോൺ ഓർമിപ്പിച്ചു. പ്ലീഡർ നിയമനത്തിൽ കെഎസ്‌യു ഉന്നയിച്ച ആവശ്യം ന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദു ഐക്യവേദി നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്ക് സമയം നൽകിയ മുഖ്യമന്ത്രി സ്വന്തം പാർട്ടി പോഷകസംഘടനയുടെ പ്രതിനിധികൾക്ക് സമയം നൽകാൻ വിസമ്മതിച്ചുവെന്നായിരുന്നു വി ആർ അനൂപിന്റെ വിമർശനം. ബുധനാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ പ്ലീഡർ നിയമനത്തെക്കുറിച്ചുള്ള ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
'തിരുവനന്തപുരത്തെ കെഎസ്‌യുവാണോ പ്ലീഡറെ നിയമിക്കുന്നത്?' എന്നും 'ഇക്കാര്യത്തിൽ കെഎസ്‌യുവിന് എന്ത് കാര്യം?' എന്നും സതീശൻ ചോദിച്ചിരുന്നു. ഇതിനു പിന്നാലെ, കെഎസ്‌യുവിന്റെ ആശങ്ക പ്രകടിപ്പിക്കുന്നത് തെറ്റല്ലെന്നും, അത് ധിക്കാരമാണെങ്കിൽ തങ്ങൾ 'ധിക്കാരികളാണെന്നും' പ്രതികരിച്ച് അലോഷ്യസ് സേവ്യർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.











0 comments