ഹാപൂർ വാഹനാപകടം; പിതാവും മൂന്ന് മക്കളും മരിച്ച സംഭവത്തിൽ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

പ്രതിയായ ട്രക്ക് ഡ്രൈവറെ കണ്ടെത്തുന്നതിനായി പോലീസ് സംഘം വിവിധ ജില്ലകളിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു| Photo Credit:India Today
ഹാപൂർ: ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പിതാവും മൂന്ന് മക്കളും മരിച്ച സംഭവത്തിൽ ട്രക്ക് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബം സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിൽ ട്രക്കിടിച്ച ശേഷം ഡ്രൈവർ നിർത്താതെ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. ഈ ഞെട്ടിക്കുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
ജൂലൈ 13-ന് ഡൽഹി-ലഖ്‌നൗ ദേശീയപാതയിൽ (NH-9) ബച്ച്ലൗട്ട ഫ്ലൈ ഓവറിന് സമീപമാണ് അപകടം നടന്നത്. നോയിഡയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഷാജഹാൻപൂർ സ്വദേശി അശോക്, ഭാര്യ റിങ്കി, മക്കളായ അനുജ്, മീനാക്ഷി, രാധിക എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
അമിതവേഗതയിൽ പിന്നിൽ നിന്ന് വന്ന ട്രക്ക് മോട്ടോർ സൈക്കിളിൽ ഇടിച്ചതിനെത്തുടർന്ന് അഞ്ചുപേരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അശോകും മൂന്ന് മക്കളും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഭാര്യ റിങ്കി മീററ്റിലെ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവർ അശ്രദ്ധമായി വാഹനം മുന്നോട്ട് എടുക്കുകയും, റോഡിൽ വീണുകിടന്ന രണ്ട് കുട്ടികളുടെ മുകളിലൂടെ ട്രക്ക് കയറ്റിയിറക്കുകയുമായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
ഡ്രൈവർ ഉടൻ തന്നെ വാഹനം നിർത്തിയിരുന്നെങ്കിൽ ഈ കുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുമായിരുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിന് ശേഷം സിസിടിവി ദൃശ്യങ്ങൾ, സാക്ഷിമൊഴികൾ, സാങ്കേതിക തെളിവുകൾ എന്നിവ പിന്തുടർന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.
അപകടത്തിന് ശേഷം ഒളിവിൽ പോയ ഡ്രൈവറെ വിവിധ ജില്ലകളിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. അപകടമുണ്ടാക്കിയ ട്രക്കും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഹാപൂർ സിറ്റി സർക്കിൾ ഓഫീസർ അനിത ചൗഹാൻ അറിയിച്ചു.










0 comments