ഗാസയിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ സംസ്കാര ചടങ്ങിനിടെ വ്യോമാക്രമണം; ഏഴുപേർ കൊല്ലപ്പെട്ടു

ഗാസ സിറ്റി: വെടിനിർത്തൽ കരാർ നിലനിൽക്കെ ഗാസ മുനമ്പിൽ തുടര്‍ ആക്രമണങ്ങളുമായി ഇസ്രായേൽ. സൈനികരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം സംസ്കരിക്കുന്ന ചടങ്ങിനിടെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏഴ് പലസ്തീനികൾ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗാസയിലെ മധ്യമേഖലയിലുള്ള നുസൈറത്ത് അഭയാർത്ഥി ക്യാമ്പിൽ വെള്ളിയാഴ്ചയാണ് സംഭവം. മരണങ്ങൾ പ്രാദേശിക ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച പുലർച്ചെയുണ്ടായ മറ്റൊരു ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻ സ്വദേശിയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെയാണ് വീണ്ടും ബോംബാക്രമണമുണ്ടായതെന്ന് നുസൈറത്തിലെ അൽ-ഔദ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഇസ്രായേൽ സൈന്യം ഇതുവരെ തയ്യാറായിട്ടില്ല.
വെടിനിർത്തലിന് ശേഷവും
തുടരുന്ന ക്രൗര്യം
രണ്ട് വർഷത്തോളം നീണ്ടുനിന്ന യുദ്ധത്തിന് താൽക്കാലിക വിരാമമിട്ടുകൊണ്ട് കഴിഞ്ഞ ഒക്ടോബറിലാണ് ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചത്. കരാറിന് ശേഷം ശക്തമായ നേരിട്ടുള്ള ഏറ്റുമുട്ടലുകൾക്ക് നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും, ഗാസയിൽ ഇപ്പോഴും വ്യോമാക്രമണങ്ങളും മരണങ്ങളും തുടരുകയാണ്. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം മാത്രം ഇവിടെ 1,123 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
കൊല്ലപ്പെട്ടവരിൽ എത്രപേർ സാധാരണക്കാരാണെന്നോ ഹമാസ് പോരാളികളാണെന്നോ ഉള്ള കൃത്യമായ തരംതിരിവ് ഇല്ല. എങ്കിലും മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര വിദഗ്ധരും ആരോഗ്യ മന്ത്രാലയം പുറത്തുവിടുന്ന ഈ കണക്കുകൾ ശരിവെച്ചിട്ടുണ്ട്.
അതേസമയം, വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഹമാസ് പോരാളികൾ തങ്ങളുടെ സൈനികർക്ക് നേരെ വെടിയുതിർക്കുന്നുണ്ടെന്നും അതിനുള്ള തിരിച്ചടിയെന്നോണമാണ് വ്യോമാക്രമണങ്ങൾ നടത്തുന്നതെന്നുമാണ് ഇസ്രായേലിന്റെ വാദം. വെടിനിർത്തൽ കരാർ നിലവിൽ വന്നതിനുശേഷം അഞ്ച് ഇസ്രായേൽ സൈനികരാണ് കൊല്ലപ്പെട്ടത്.
യുദ്ധത്തിന്റെ പശ്ചാത്തലം
2023 ഒക്ടോബർ 7-ന് ഹമാസിന്റെ നേതൃത്വത്തിൽ തെക്കൻ ഇസ്രായേലിൽ നടന്ന ആക്രമണത്തെ തുടർന്നാണ് ഈ യുദ്ധം ആരംഭിച്ചത്. അന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ 1,200 ഓളം ഇസ്രായേലികൾ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു.
Related News
ഇതിനു തിരിച്ചടിയായി ഇസ്രായേൽ ഗസ്സയിൽ ആരംഭിച്ച സൈനിക നീക്കത്തിൽ ഇതുവരെ 73,264-ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. വെടിനിർത്തലിന് ശേഷം കൊല്ലപ്പെട്ടവരുടെ എണ്ണവും ഇതിൽ ഉൾപ്പെടുന്നു. അന്താരാഷ്ട്ര തലത്തിൽ സമാധാന ശ്രമങ്ങൾ തുടരുമ്പോഴും ഇസ്രയേലിന്റെ നേതൃത്വത്തിലുള്ള വംശീയ ശുദ്ധീകരണ യുദ്ധം തുടരുകയാണ്. ഇരകളിൽ ഏറ്റവും അധികം സ്ത്രീകളും കുട്ടികളുമാണ്. പുതിയ തലമുറയെ തന്നെ ഇല്ലാതാക്കുകയാണ് ഇസ്രയേൽ ചെയ്യുന്നത്. യു എൻ ഉൾപ്പെടെ മനുഷ്യാവകാശ സംഘടനകൾ ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകി എങ്കിലും ഇസ്രയേൽ അതിക്രമങ്ങൾ തുടരുകയാണ്.










0 comments