സൽമാൻ ഖാന് പിന്നാലെ ആമിർ ഖാനും ബിഷ്ണോയ് സംഘത്തിന്റെ ഭീഷണി

ന്യൂഡൽഹി: ബോളിവുഡ് നടൻ സൽമാൻ ഖാന് പിന്നാലെ ആമിർ ഖാനും ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ ഭീഷണി. ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അർസു ബിഷ്ണോയിയുടെയും ടൈസൺ ബിഷ്ണോയിയുടെയും പേരിലുള്ള സമൂഹമാധ്യമ പോസ്റ്റിലാണ് ഭീഷണി. പോസ്റ്റിന്റെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
രാജ്യത്ത് ‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിക്കുകയാണ് ആമിർ ഖാനെന്നാണ് പോസ്റ്റിലെ ആരോപണം. ഇത് അനുവദിക്കില്ലെന്നും പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. താരപ്രഭാവം ഉപയോഗിച്ച് ഇത്തരം കാര്യങ്ങളെ പിന്തുണയ്ക്കുന്നവരെ നിശ്ശബ്ദരാക്കുമെന്നും പോസ്റ്റിൽ പറയുന്നു.
രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ 13കാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവവും പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്. കേസിലെ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ നേതാക്കൾ പിന്തിരിയണമെന്നും അല്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയും ശബ്ദസന്ദേശത്തിലൂടെയുമാണ് ഭീഷണിയെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇവയുടെ ആധികാരികത പരിശോധിച്ചുവരികയാണ്. ആമിർ ഖാനോ അദ്ദേഹത്തിന്റെ സംഘമോ ഇതുവരെ മുംബൈ പൊലീസിന് പരാതി നൽകിയിട്ടില്ല. പരാതി ലഭിച്ചാൽ കേസെടുക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
സൽമാൻ ഖാനെ ലോറൻസ് ബിഷ്ണോയ് സംഘം വർഷങ്ങളായി ഭീഷണിപ്പെടുത്തുന്നുണ്ട്. 1998ലെ കൃഷ്ണമൃഗ വേട്ടക്കേസുമായി ബന്ധപ്പെട്ടാണ് സംഘം സൽമാനെ ലക്ഷ്യമിടുന്നത്. 2024 ഏപ്രിലിൽ മുംബൈ ബാന്ദ്രയിലെ സൽമാൻ ഖാന്റെ വീടിന് പുറത്ത് വെടിവയ്പ്പുണ്ടായതിന്റെ ഉത്തരവാദിത്വവും ബിഷ്ണോയ് സംഘം ഏറ്റെടുത്തിരുന്നു.











0 comments