ദേവർഷോലയിൽ കാട്ടാനഭീതി ഒഴിയുന്നില്ല ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി

ഗൂഡല്ലൂർ ദേവർഷോല പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടാന വിളയാട്ടം രൂക്ഷമാകുന്നു. പാടന്തറ–കണിയംവയൽ റോഡിൽ വ്യാഴം വൈകിട്ട് കാട്ടാനക്കൂട്ടത്തിന് മുന്നിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. യുവാവ് ആനയെക്കണ്ട് വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. സമാനമായി മറ്റ് രണ്ട് പേരും ആനയുടെ മുന്നിൽനിന്ന് തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. വ്യാഴം വൈകിട്ടുമാത്രം സിഎസ്ഐ ചർച്ച് പരിസരം, കൊട്ടായിമട്ടം, ബീനാച്ചി, ചെളുകാടി, കണിയംവയൽ തുടങ്ങി ഭാഗങ്ങളിലായി ഒമ്പതോളം കാട്ടാനകളാണ് തമ്പടിച്ചത്. ജനവാസമേഖലകളിൽ ആനകൾ സ്ഥിരം സാന്നിധ്യമായിട്ടും നടപടിയെടുക്കാൻ വനംവകുപ്പ് തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. ആനകളെ തുരത്താൻ ആകെയുള്ളത് ഒരു വാഹനം മാത്രമാണ്. ജീവനക്കാരുടെ എണ്ണക്കുറവും പ്രതിരോധ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. നാട്ടുകാർ മുമ്പ് സമരം നടത്തിയപ്പോൾ അധികൃതർ നൽകിയ ഉറപ്പുകൾ ജലരേഖയായി. മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും ചെന്നൈയിലെത്തി നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല. അധികൃതർ വിഷയത്തിൽ ഇടപെടണമെന്നും അല്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്നും നാട്ടുകാർ പറഞ്ഞു.










0 comments