ആന്ധ്രാപ്രദേശിൽ ഒരു മാസത്തിനിടെ നാല് കോവിഡ് മരണങ്ങൾ, 12 പേർക്ക് രോഗബാധ

പ്രതീകാത്മക ചിത്രം
അമരാവതി: ആന്ധ്രാപ്രദേശിൽ വീണ്ടും കോവിഡ് ആശങ്ക. ഒരു മാസത്തിനുള്ളിൽ സംസ്ഥാനത്ത് നാല് കോവിഡ് മരണങ്ങളും 12 പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. ജൂൺ 26 നും ജൂലൈ 16 നും ഇടയിലാണ് ഈ കേസുകൾ സ്ഥിരീകരിച്ചിട്ടുള്ളത്. മരണപ്പെട്ട നാല് രോഗികൾക്കും പ്രമേഹം, അമിത രക്തസമ്മർദ്ദം , വൃക്കരോഗങ്ങൾ തുടങ്ങിയ ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് സംസ്ഥാന ഹെൽത്ത് കമ്മീഷണർ ജി വീരപാണ്ഡ്യൻ വ്യക്തമാക്കി.
കടപ്പ ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് (8 കേസുകൾ). ഇതിനുപുറമേ ഗുണ്ടൂർ (2), വിശാഖപട്ടണം (1), കാക്കിനാഡ (1) എന്നീ ജില്ലകളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ മൂന്ന് പേർ കടപ്പ സ്വദേശികളും ഒരാൾ കാക്കിനാഡ സ്വദേശിയുമാണ്. നിലവിൽ പോസിറ്റീവ് ആയവരിൽ മൂന്ന് പേർ വീട്ടിൽ നിരീക്ഷണത്തിലുംരണ്ട് പേർ ആശുപത്രിയിലും ചികിത്സയിലാണ്. മറ്റ് മൂന്ന് പേർ പൂർണ്ണമായി സുഖം പ്രാപിച്ചു.
ആന്ധ്രാപ്രദേശിന്റെ തലസ്ഥാന മേഖലയായ അമരാവതിയിലെ മംഗളഗിരി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും കോവിഡ്-19 കേസ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ഗുണ്ടൂർ ജില്ലയിൽ ആരോഗ്യവകുപ്പ് പ്രതിരോധ-മുൻകരുതൽ നടപടികൾ ശക്തമാക്കി. ഗുണ്ടൂർ ഡിസ്ട്രിക്റ്റ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ കെ വിജയലക്ഷ്മിയാണ് ഇക്കാര്യം അറിയിച്ചത്.
മംഗളഗിരി എയിംസിൽ കോവിഡ് ലക്ഷണങ്ങളോടെ ഒരാൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ, നിലവിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അവർ വ്യക്തമാക്കി. പൊതുജനാരോഗ്യ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അതീവ ജാഗ്രത പുലർത്താനും ഗുണ്ടൂർ ജില്ലാ കളക്ടർ സി എം സായ് കാന്ത് വർമ്മ ആരോഗ്യവകുപ്പിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ സാമ്പിളുകൾ പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് ജനിതക ഘടന പരിശോധനയ്ക്കായി അയക്കുന്നുണ്ട്. രോഗവ്യാപനത്തിന് കാരണമായ വൈറസ് വകഭേദം ഏതാണെന്ന് തിരിച്ചറിയാൻ വേണ്ടിയാണിത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ ജാഗ്രത തുടരണമെന്നും അധികൃതർ അറിയിച്ചു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ പ്രായമായവരും മറ്റ് ഗുരുതര രോഗങ്ങളുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനോടകം തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഈ മുൻകരുതലുകൾ.











0 comments