ad
Deshabhimani

രേഖാമൂലം

മാവോയും നെഹ്‌റുവും ടെക്‌സസിലെ ഡ്രൈവറും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
ശ്രീകുമാർ ശേഖർ

Published on Jul 18, 2026, 11:52 AM | 3 min read

‘‘ന്നെപ്പോലെ ഒരു സാധാരണ ടെക്‌സസ് സ്വദേശിയിൽനിന്ന് ഇത്തരമൊരു കത്ത് താങ്കളെ അത്ഭുതപ്പെടുത്തുമായിരിക്കും. എന്നാൽ അതിലെ ഉള്ളടക്കം അങ്ങയെ കൂടുതൽ അതിശയിപ്പിക്കും.’’‐ അമേരിക്കയിലെ ടെക്‌സസിലെ 2420 പ്രോക്ടർ സ്ട്രീറ്റിൽനിന്ന് ബ്രൈസ് സ്‌ക്വയേഴ്‌സ് എന്ന ട്രക്ക് ഡ്രൈവർ ഇന്ത്യൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന് 1954 നവംബർ നാലിനയച്ച കത്ത് തുടങ്ങുന്നതിങ്ങനെയാണ്.

 1954 ഒക്‌ടോബർ 23ന് നെഹ്‌റു ചൈന സന്ദർശിച്ചപ്പോൾ മാവോയ്‌ക്കൊപ്പം 1954 ഒക്‌ടോബർ 23ന് നെഹ്‌റു ചൈന സന്ദർശിച്ചപ്പോൾ മാവോയ്‌ക്കൊപ്പം

കത്ത് കയ്യിൽ കിട്ടിയ വിദേശകാര്യ സെക്രട്ടറി ആർ കെ നെഹ്‌റു ശരിക്കും അതിശയിച്ചു. അൽപ്പം വിചിത്രം തന്നെയായിരുന്നു കത്തിലെ ആവശ്യം. ബ്രൈസ് സ്‌ക്വയേഴ്‌സിന്റെ വാക്കുകളിൽ അതിങ്ങനെ: ‘‘അങ്ങ് (നെഹ്‌റു) ചെയർമാൻ മാവോയുമായി എനിക്കുവേണ്ടി സംസാരിക്കുകയും പീക്കിങ്ങിലേക്കു എനിക്ക് ഒരു സന്ദർശനം തരപ്പെടുത്തി തരികയും ചെയ്യണം.’’‐ അതായത് ജനകീയ ചൈനയുടെ ചെയർമാനായ മാവോ സെ തുങ്ങിനെ പീക്കിങ്ങി (ഇന്നത്തെ ബീജിങ്)ലെത്തി സന്ദർശിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി സഹായിക്കണം. ഈ കത്ത് നെഹ്‌റുവിനയച്ചതിനു കാരണമുണ്ടായിരുന്നു. 1949ൽ ചൈനയിൽ കമ്യൂണിസ്റ്റ് പാർടി ഭരണം വന്നശേഷം അവിടം സന്ദർശിക്കുന്ന ആദ്യ കമ്യൂണിസ്റ്റിതര രാഷ്‌ട്രത്തലവൻ ജവാഹർലാൽ നെഹ്‌റുവായിരുന്നു. 1954 ഒക്‌ടോബർ 19 മുതൽ 31 വരെ നീണ്ട സന്ദർശനം ലോകവാർത്തയായി. നെഹ്‌റു തിരിച്ചെത്തി ദിവസങ്ങൾക്കുള്ളിലായിരുന്നു സ്‌ക്വയേഴ്‌സിന്റെ കത്ത്.

കത്ത് എഴുതാനിടയായ സാഹചര്യം സ്‌ക്വയേഴ്‌സ് വിവരിക്കുന്നുണ്ട്:

‘‘ഏതാനും ആഴ്‌ചകൾക്ക് മുമ്പ് ഞങ്ങൾ ചില ഡ്രൈവർമാർ സംസാരിക്കുമ്പോൾ എങ്ങനെയോ ചൈന വിഷയമായി. അവിടെയുള്ള സാധാരണക്കാർ ഞങ്ങളെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് അറിയാൻ താൽപ്പര്യമുണ്ടെന്ന് ആരോ പറഞ്ഞു. അവിടുത്തെ യഥാർഥ സാഹചര്യം എന്താണെന്ന് നേരിൽ കാണാൻ ചൈനയിൽ പോകാൻ എനിക്ക് ആഗ്രഹമുണ്ടെന്ന് ഞാനും പറഞ്ഞു. ചൈനയിലേക്ക് പോകുന്നത് അസാധ്യമാണെന്നായിരുന്നു മറ്റൊരു ഡ്രൈവറുടെ അഭിപ്രായം. താങ്കൾ (നെഹ്‌റു) ഇപ്പോൾ ചൈന സന്ദർശിച്ച് മടങ്ങിയതാണെന്നും, ചെയർമാൻ മാവോ സെ - തുങ്ങുമായി ബന്ധപ്പെടാൻ ഒരു മാർഗം ലഭിച്ചാൽ, ഒരു സാധാരണ അമേരിക്കൻ പൗരൻ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ രാജ്യവും സന്ദർശിക്കണമെന്ന് ഒരുപക്ഷേ, മാവോ ആഗ്രഹിച്ചേക്കാമെന്നും ഞാൻ പറഞ്ഞു.’’

നെഹ്‌റുവിനുള്ള കത്തിനൊപ്പം, ഒട്ടിച്ച കവറിൽ മാവോയ്‌ക്കുള്ള കത്തുമുണ്ടായിരുന്നു. അതിന്റെ ഉള്ളടക്കവും നെഹ്‌റുവിന് വായിക്കാനായി പകർപ്പെടുത്ത്‌ അയച്ചിരുന്നു. ‘‘ഇവിടെയുള്ള തൊഴിലാളിവർഗം യുദ്ധത്തിലും സംഘർഷങ്ങളിലും മടുത്തിരിക്കുന്നു. അവർക്കു വേണ്ടത് സമാധാനവും മാന്യമായ ജീവിതം നയിക്കാൻ കഴിയുന്ന വിധത്തിൽ ജോലി ചെയ്യാനുള്ള അവസരവുമാണ്’’ ‐ ആ കത്തിൽ പറയുന്നു. കൂടിക്കാഴ്‌ച നടന്നാലുള്ള ഗുണവും മാവോയ്‌ക്കെഴുതിയിട്ടുണ്ട്: ‘‘ഞാൻ എന്റെ രാജ്യത്തിലേക്ക് മടങ്ങി ഇവിടുത്തെ ജനങ്ങളോട് ചൈനയെക്കുറിച്ച് പറയാം. അതിലൂടെ നമ്മുടെ രാജ്യങ്ങൾ തമ്മിൽ കൂടുതൽ നല്ല ധാരണ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇവിടെയുള്ള തൊഴിലാളിവർഗം ഒരു തൊഴിലാളി പറയുന്നത് ശ്രദ്ധിക്കും; എന്നാൽ വാഷിങ്ടണിലെ ഒരു രാഷ്‌രടീയക്കാരൻ പറയുന്നത് അവർ അത്ര ശ്രദ്ധിക്കുകയില്ല.’’

മാവോയെ കാണാൻ സഹായം അഭ്യർത്ഥിച്ച് നെഹ്‌റുവിന് ബ്രൈസ് സ്‌ക്വയേഴ്‌സ് അയച്ച കത്തിന്റെ രണ്ടാം പേജ്മാവോയെ കാണാൻ സഹായം അഭ്യർത്ഥിച്ച് നെഹ്‌റുവിന് ബ്രൈസ് സ്‌ക്വയേഴ്‌സ് അയച്ച കത്തിന്റെ രണ്ടാം പേജ്

ഏതായാലും വിദേശകാര്യ സെക്രട്ടറി കത്ത് കുട്ടയിലിട്ടില്ല. ഫയലാക്കി (D. 5616‐FEA/54) പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിനയച്ചു. നെഹ്‌റു കാര്യം ഗൗരവത്തിലെടുത്തു. ‘‘ഈ കത്ത് ഡൽഹിയിലെ ചൈനീസ് എംബസിക്ക് കൈമാറുന്നതായിരിക്കും ഏറ്റവും ഉചിതമായ നടപടി എന്ന് ഞാൻ കരുതുന്നു. എനിക്കുള്ള കത്തിന്റെ പകർപ്പും അതിനോടൊപ്പം അയയ്‌ക്കാവുന്നതാണ്.’’‐ നെഹ്‌റു ഫയലിലെഴുതി. കത്ത് കൈമാറിയ വിവരം സ്‌ക്വയേഴ്‌സിനെ എഴുതി അറിയിക്കണമെന്നും നിർദേശിച്ചു.


ചൈനീസ് എംബസിക്ക് കത്തുപോയി. അവർ പ്രധാനമന്ത്രി നെഹ്‌റുവിന് നന്ദി അറിയിച്ചു. കത്ത് പീക്കിങ്ങിലേക്ക് അയക്കുമെന്ന് മറുപടിയും നൽകി. പിന്നീട് ചൈനയിൽനിന്ന് എന്തുണ്ടായി എന്നു വ്യക്തമല്ല. 1954‐55ൽ തയ്‌വാൻ സംഘർഷത്തെ തുടർന്ന് ചൈന‐അമേരിക്ക ബന്ധം പെട്ടെന്ന്‌ വളരെ മോശമായി. അതുകൊണ്ട് ഇങ്ങനെയൊരു അഭ്യർഥന തെല്ലും പരിഗണിക്കപ്പെട്ടിരിക്കില്ല.

ബ്രൈസ് സ്‌ക്വയേഴ്‌സിന്റെ കത്ത്‌ ചൈനീസ്‌ എംബസിക്ക്‌ അയക്കാൻ നെഹ്‌റു നൽകിയ നിർദേശം ഫയലിൽ. വിദേശ സെകട്ടറി ആർ കെ നെഹ്‌റുവിന്റെ കുറിപ്പും കാണാംബ്രൈസ് സ്‌ക്വയേഴ്‌സിന്റെ കത്ത്‌ ചൈനീസ്‌ എംബസിക്ക്‌ അയക്കാൻ നെഹ്‌റു നൽകിയ നിർദേശം ഫയലിൽ. വിദേശ സെകട്ടറി ആർ കെ നെഹ്‌റുവിന്റെ കുറിപ്പും കാണാം

ഇന്ത്യാ ഗവൺമെന്റിൽനിന്നയച്ച കത്ത് സ്‌ക്വയേഴ്‌സിനു കിട്ടിയില്ലെന്ന് കരുതേണ്ടിവരും. അതോ ആ മറുപടി അയക്കാൻ ഉദ്യോഗസ്ഥർ വിട്ടുപോയോ എന്നും അറിയില്ല. ഡിസംബറിൽ മുൻ കത്ത് ഓർമിപ്പിച്ച് ഒരു കത്തുകൂടി സ്‌ക്വയേഴ്‌സ് അയക്കുന്നുണ്ട്. രണ്ടുമാസത്തിനുശേഷം 1955 ജനുവരി 18ന് അയച്ച മറ്റൊരു കത്തും ഫയലിലുണ്ട്. മറുപടി കിട്ടാത്തതിലുള്ള ക്ഷോഭം മുഴുവൻ അതിലുണ്ട്. അമേരിക്കയിലെ രാഷ്‌ട്രീയക്കാരെപ്പോലെയാണ് നെഹ്‌റുവും എന്നും, കാട്ടിയത് മര്യാദകേടാണെന്നും സ്‌ക്വയേഴ്‌സ് ഉറപ്പിക്കുന്നു. ഏതായാലും ഈ കത്ത് മന്ത്രാലയം നെഹ്‌റുവിന് അയച്ചില്ല. ട്രക്ക് ഡ്രൈവർ ആള് ശരിയല്ലെന്നും ഫയൽ അടയ്‌ക്കാമെന്നും അവർ തീരുമാനിച്ചു. ഇങ്ങനെ ട്രാജഡിയായാണ് ഈ കത്തിടപാട് അവസാനിച്ചതെങ്കിലും ഒരുകാലത്തിന്റെ തുടിപ്പുകൾ അതിലുണ്ട്. തൊഴിലാളിവർഗം ഭരണം പിടിച്ച ഒരു രാഷ്‌ട്രം ഒരു അമേരിക്കൻ തൊഴിലാളിയിൽ ഉണർത്തിയ ആവേശം സ്‌ക്വയേഴ്‌സിന്റെ വരികളിലുണ്ട്. അസംബന്ധം എന്നു വിധിയെഴുതി അവസാനിപ്പിക്കാവുന്ന ഒരു കത്തിൽ ആ തൊഴിലാളിക്ക് ഒപ്പം നിൽക്കണം എന്നു തീരുമാനിച്ച ഒരു പ്രധാനമന്ത്രിയുടെ നിലപാടും.

(രേഖകൾ നാഷണൽ

ആർക്കൈവ്‌സിൽനിന്ന്)




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home