കെഎസ്യു നേതാവിന് മാർക്ക് ദാനം ; ചോദ്യങ്ങൾക്കൊന്നും ഉത്തരം എഴുതിയില്ലെന്ന് റിപ്പോർട്ട്

തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറുടെ ചട്ടവിരുദ്ധമായ ഇടപെടലിലൂടെ വിജയിച്ച കെഎസ്യു നേതാവ് പ്രോജക്ടിലെ ഉള്ളടക്കത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിനും മറുപടി നൽകിയിരുന്നില്ലെന്ന് പരീക്ഷ ബോർഡ് ചെയർമാന്റെ റിപ്പോർട്ട്. പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ കെഎസ്യു യൂണിറ്റ് പ്രസിഡന്റും ബിഎസ്സി സൈക്കോളജി വിദ്യാർഥിനിയുമായ നേതാവിനെയാണ് പുനർമൂല്യനിർണയം ഇല്ലാത്ത, പ്രോജക്ട് പേപ്പർ പുനർമൂല്യനിർണയം നടത്തി വിജയിപ്പിച്ചത്.
കെഎസ്യു നേതാവ് പരാജയപ്പെട്ട ആദ്യ പ്രോജക്ടിന്റെ മൂല്യനിർണയത്തിനുശേഷം സർവകലാശാലക്ക് ചെയർമാൻ നൽകിയ റിപ്പോർട്ടിലാണ് കെഎസ്യു നേതാവ് ഒരു ചോദ്യത്തിനും ഉത്തരം നൽകിയില്ലെന്ന് വ്യക്തമാക്കിയത്. ഇതേ അഭിപ്രായം തന്നെയാണ് വിദ്യാർഥിനിയെ നിയമവിരുദ്ധമായി വിജയിപ്പിച്ചതിന് ശേഷവും ചെയർമാൻ നൽകിയ റിപ്പോർട്ടിലുള്ളത്. പ്രോജക്ട് പേപ്പർ ആദ്യം മൂല്യനിർണയം നടത്തിയ എക്സ്റ്റേണൽ എക്സാമിനറുടെ അഭിപ്രായം എടുത്തുപറയുകയായിരുന്നു പരീക്ഷ ബോർഡ് ചെയർമാൻ.
വൈസ് ചാൻസലറുടെ ഉത്തരവ് അനുസരിച്ച് പ്രോജക്ട് പേപ്പർ പുനഃപരിശോധന നടത്തുന്നതും ആദ്യമാണ്. അതിനിടെ മാർക്ക്ദാനത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പി നന്ദകുമാർ എംഎൽഎ ചാൻസലർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വൈസ് ചാൻസലറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് മറുപടി നൽകിയിട്ടില്ല.








0 comments