ad
Deshabhimani

print edition കെഎസ്‌ടിഎ സംസ്ഥാന 
സമ്മേളനത്തിന്‌ പതാക ഉയർന്നു

ksta state conference
വെബ് ഡെസ്ക്

Published on Feb 14, 2026, 02:11 AM | 1 min read

കോട്ടയം: അധ്യാപനമേഖലയിൽ പുതിയ മുന്നേറ്റത്തിന്റെ കാഹളമുയർത്തി കേരള സ്‌കൂൾ ടീച്ചേഴ്‌സ്‌ അസോസിയേഷൻ (കെഎസ്‌ടിഎ) സംസ്ഥാന സമ്മേളനത്തിന്‌ കോട്ടയത്ത്‌ പതാക ഉയർന്നു. പ്രതിനിധി സമ്മേളനം ശനിയാഴ്‌ച കോട്ടയത്ത്‌ ബി സുരേഷ് നഗറിൽ(മാമ്മൻ മാപ്പിള ഹാൾ) ആരംഭിക്കും.


രാവിലെ 9.30ന്‌ സാമ്പത്തിക വിദഗ്‌ധൻ ഡോ. പരകാല പ്രഭാകർ ഉദ്‌ഘാടനം ചെയ്യും. ‘മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ, വികസിത വൈജ്ഞാനിക നവകേരളം, സാർവത്രിക ഗുണമേന്മ വിദ്യാഭ്യാസം’ എന്ന മുദ്രാവാക്യം ഉയർത്തിയാണ്‌ 35ാം സംസ്ഥാന സമ്മേളനം നടക്കുന്നത്‌. 786 പ്രതിനിധികൾ പങ്കെടുക്കും. വെള്ളി വൈകിട്ട്‌ സ്‌മൃതിയിടങ്ങളിൽനിന്നുള്ള കൊടിമര, ദീപശിഖ, പതാക ജാഥകൾ കലക്ടറേറ്റിന്‌ സമീപം സംഗമിച്ചു.


ദീപശിഖജാഥ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസും പതാകജാഥ മുതിർന്ന സിപിഐ എം നേതാവ്‌ വൈക്കം വിശ്വനും കൊടിമരജാഥ സിഐടിയു ജില്ലാ സെക്രട്ടറി കെ അനിൽകുമാറും ഉദ്‌ഘാടനം ചെയ്‌തു. ജാഥകൾ പൊതുസമ്മേളനം നടത്തുന്ന വി എസ് അച്യുതാനന്ദൻ നഗറിൽ(തിരുനക്കര മൈതാനം) എത്തി.


സ്വാഗതസംഘം ചെയർമാൻ ടി ആർ രഘുനാഥൻ പതാക ഉയർത്തി. സമ്മേളനത്തോടനുബന്ധിച്ച തിരുനക്കര ബസ്‌സ്‌റ്റാൻഡ്‌ മൈതാനത്ത്‌ ആരംഭിച്ച വിദ്യാഭ്യാസ ചരിത്ര ശാസ്‌ത്രപ്രദർശനം കെഎസ്‌ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ എ ഷാഫി ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ ഡി സുധീഷ്‌ സംസാരിച്ചു. ശനി പകൽ 11.30ന്‌ മന്ത്രി വി ശിവൻകുട്ടി സമ്മേളനത്തെ അഭിവാദ്യം ചെയ്യും.


വൈകിട്ട്‌ അഞ്ചിന്‌ ‘സാമ്പത്തികരംഗം’ വിഷയത്തിൽ മന്ത്രി കെ എൻ ബാലഗോപാൽ പ്രഭാഷണം നടത്തും. ഞായർ രാവിലെ 10ന്‌ സാംസ്‌കാരിക സമ്മേളനം. അധ്യാപക ലോകം അവാർഡ് ദാനം സാഹിത്യകാരൻ ബെന്യാമിൻ നിർവഹിക്കും. പകൽ മൂന്നിന്‌ ട്രേഡ് യൂണിയൻ സ‍ൗഹൃദസമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.


16ന്‌ രാവിലെ 10ന്‌ മാധ്യമപ്രവർത്തകൻ പി സായ്‌നാഥ് പ്രഭാഷണം നടത്തും. യാത്രയയപ്പ് സമ്മേളനം ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ എം സ്വരാജ് ഉദ്ഘാടനം ചെയ്യും. പകൽ രണ്ടിന്‌ കലക്ടറേറ്റ്‌ പരിസരത്തുനിന്ന്‌ തിരുനക്കര മൈതാനിയിലേക്ക്‌ അധ്യാപക റാലി. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home