മാങ്കുറുശിയിൽ മിന്നലേറ്റ് വീട് തകർന്നു

ഇടിമിന്നലേറ്റ് സീലിങ് തകർന്ന വീട്ടിൽ വയറിങ് കരിഞ്ഞ നിലയിൽ
മങ്കര
മാങ്കുറുശിയിൽ മിന്നലേറ്റ് വീട് ഭാഗികമായി തകർന്നു. തരുവക്കോട് ആമിനയുടെ വീടാണ് ഭാഗികമായി തകർന്നത്. സമീപ വീടുകളിലെ ഗൃഹോപകരണങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും വ്യാപകമായി നശിച്ചു. ഞായർ രാത്രി 7.30നാണ് ശക്തമായ ഇടിമിന്നൽ ഉണ്ടായത്. സംഭവസമയത്ത് ആറുവയസുള്ള കുട്ടിയുൾപ്പെടെ മൂന്ന് പേരാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ തലനാരിഴയ്‌ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഇടിവെട്ടിയപ്പോൾ കുട്ടി കട്ടിലിൽനിന്ന് നിലത്ത് വീണു. മറ്റൊരാൾക്ക് കൈയിൽ ഷോക്കേറ്റു. വീടിനകത്ത് പലയിടങ്ങളിലായി കുഴികൾ രൂപപ്പെട്ടു. ഭിത്തി വിണ്ടുകീറി.ഇലക്‌ട്രിക് ഉപകരണങ്ങൾ, മോട്ടോർ എന്നിവ നശിച്ചു. വയറിങ് പൂർണമായും കരിഞ്ഞു. ജനൽച്ചില്ലുകളും തകർന്നു. സർവീസ് വയറിലേറ്റ ഇടിമിന്നലിൽ സർക്യൂട്ടിലൂടെ വൈദ്യുതി അമിതമായി പ്രവഹിച്ചതാണ് അപകടത്തിന് കാരണമായത്. എട്ടംഗകുടുംബമാണ് ഇവിടെ താമസം. സമീപത്തെ തരുവക്കോട് സ്വദേശികളായ ഹനീഫ, നസീർ, അബ്ബാസ്, സുലൈമാൻ, ഷജീർ എന്നിവരുടെ വീടുകളിലെ ഗൃഹോപകരണങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും ഇടിമിന്നലേറ്റ് നശിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് തിങ്കൾ രാവിലെ പഞ്ചായത്ത് പ്രസിഡന്റ് കെ എ വിനീത, വൈസ് പ്രസിഡന്റ് കെ ആർ ഷാജീവ്, പഞ്ചായത്തംഗങ്ങളായ ഉമാദേവി, ആസ്യ ഹമിദ്, വില്ലേജ് ഓഫീസർ, കെഎസ്‌ഇബി എഇ എന്നിവർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. മൂന്നുലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.









0 comments