എയർകണ്ടീഷണറുള്ള വീടുകൾ ഒരുശതമാനത്തിൽനിന്ന് പത്തിരട്ടിയായി , സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിൽ 3.1 ശതമാനം വർധന
ഇടതൂർന്ന് ഇടത്തരക്കാർ ; ഇടത്തരക്കാർ കൂടുതലുള്ള സമൂഹമായി കേരളം

ശ്രീനിവാസൻ ചെറുകുളത്തൂർ
Published on Jul 08, 2025, 02:12 AM | 1 min read
കുന്നമംഗലം
ഇടത്തരക്കാർ കൂടുതലുള്ള സമൂഹമായി കേരളം മാറിയതായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് രണ്ടാം കേരള പഠന റിപ്പോർട്ട്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിൽ 3.1 ശതമാനം വർധനയുണ്ടായതായും പഠനം പറയുന്നു. കുടുംബങ്ങളുടെ കടബാധ്യതക്കുള്ള പ്രധാന കാരണം പെൺകുട്ടികളുടെ വിവാഹച്ചെലവും മാരകരോഗങ്ങൾക്കുള്ള ചികിത്സാച്ചെലവുമാണെന്ന നിരീക്ഷണവുമുണ്ട്. ഉപഭോക്തൃ ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള ചെലവിൽ 356.6 ശതമാനം വർധനയുണ്ടായി. എയർ കണ്ടീഷണറുള്ള വീടുകൾ ഒരുശതമാനത്തിൽനിന്ന് പത്തിരട്ടിയായി. "കേരള പഠനം 2.0: ഒന്നര ദശാബ്ദത്തിലെ ജനജീവിത മാറ്റങ്ങൾ’ പഠന റിപ്പോർട്ടിലാണ് വർത്തമാനകാല കേരളീയ സമൂഹത്തിന്റെ മാറുന്ന ചിത്രമുള്ളത്.
കോഴിക്കോട് മെഡിക്കൽ കോളേജ് പാത്തോളജി വിഭാഗം മുൻ മേധാവിയും ജനകീയാരോഗ്യ പ്രവർത്തകനുമായ ഡോ. കെ പി അരവിന്ദന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്. പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ ചെയർപേഴ്സണായ പഠനസമിതി 2019–-ൽ വിവരശേഖരണം പൂർത്തിയാക്കി. 2004–-ൽ പരിഷത്ത് നടത്തിയ സാമൂഹ്യശാസ്ത്ര അന്വേഷണമായിരുന്നു ഒന്നാം കേരള പഠനമായ ‘കേരളം എങ്ങനെ ജീവിക്കുന്നു, കേരളം എങ്ങനെ ചിന്തിക്കുന്നു’ എന്നത്. 2004–-ലെ കണ്ടെത്തലുകളിൽനിന്ന് എന്ത് മാറ്റങ്ങളാണ് എന്ന പരിശോധനയാണ് രണ്ടാം കേരള പഠനം. ഇതിനായി കുടുംബങ്ങളെ നാല് സാമ്പത്തിക ഗ്രൂപ്പുകളായി (അതിദരിദ്രർ, ദരിദ്രർ, താഴ്ന്ന ഇടത്തരക്കാർ, ഉയർന്ന ഇടത്തരക്കാർ) വിഭജിച്ചു. ജനസംഖ്യ ഇപ്പോൾ സ്ഥിരതയിലെത്തി എന്നാണ് പഠനത്തിലെ കണ്ടെത്തൽ. ദാരിദ്ര്യതീവ്രത അളക്കുന്ന ദാരിദ്ര്യവിടവ് അനുപാതം ഗ്രാമങ്ങളിൽ 5.7ൽനിന്ന് രണ്ടരയായും നഗരങ്ങളിൽ 4.6ൽനിന്ന് 3.9 ആയും കുറഞ്ഞിട്ടുണ്ട്. 4.9 ശതമാനം അതിദരിദ്രരാണുള്ളത്.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ രണ്ടാം കേരളപഠന റിപ്പോർട്ട് - ‘ഒന്നര ദശാബ്ദത്തിലെ ജനജീവിത മാറ്റങ്ങൾ’ ഞായറാഴ്ച കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ ഡോ. ടി എം തോമസ് ഐസക് പ്രകാശിപ്പിക്കും.









0 comments