print edition പൊതുഗതാഗതമേഖലയെ തകർക്കാൻ നീക്കം ജനകീയമായി പ്രതിരോധിക്കണം: കെഎസ്ആർടിഇഎ

കെഎസ്ആർടിഇഎ ജനറൽ കൗൺസിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം : പൊതുഗതാഗതമേഖലയെ കോർപറേറ്റുകൾക്ക് എറിഞ്ഞുകൊടുക്കാനുള്ള സർക്കാർ തീരുമാനങ്ങൾക്കെതിരെ ജനകീയ പ്രതിരോധം ഉയർന്നുവരണമെന്ന് കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ജനറൽ കൗൺസിൽ പ്രമേയത്തിൽ ആവശ്യപ്പെട്ടു. സ്ത്രീസുരക്ഷാ പദ്ധതിയുടെ പേരിൽ കെഎസ്ആർടിസിയെ കടബാധ്യതയിലേക്ക് തള്ളിവിട്ടു. പ്രതിദിനം മൂന്ന് കോടി രൂപയുടെ വരുമാനക്കുറവുണ്ടായതോടെ ദൈനംദിന പ്രവർത്തനങ്ങൾ താളംതെറ്റി.
എഴുന്നൂറിലധികം സ്വകാര്യ ബസുകൾ ഓട്ടം നിർത്തിയതോടെ 2500ലധികം തൊഴിലാളികളുടെ ജീവിതവും വഴിമുട്ടി. മോഡി–ഇഡി–വി ഡി കൂട്ടുകെട്ടിന്റെ രാഷ്ട്രീയ പകപോക്കലിനെതിരെ അണിചേരുക, ലേബർ കോഡുകൾ കേരളത്തിൽ നടപ്പിലാക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കുക എന്നീ പ്രമേയങ്ങളും കൗൺസിൽ പാസാക്കി.
ആനത്തലവട്ടം ആനന്ദൻ നഗറിൽ കെഎസ്ആർടിഇഎ പ്രസിഡന്റ് ടി പി രാമകൃഷ്ണൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ടി പി രാമകൃഷ്ണൻ അധ്യക്ഷനായി. അസോസിയേഷൻ വൈസ് പ്രസിഡന്റ് സുനിത കുര്യൻ രക്തസാക്ഷിപ്രമേയവും സെക്രട്ടറി സുജിത് സോമൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു.
ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ റിപ്പോർട്ടും ട്രഷറർ പി എ ജോജോ വരവുചെലവ് കണക്കും അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ, അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് സി കെ ഹരികൃഷ്ണൻ, സംസ്ഥാന സെക്രട്ടറിമാരായ സന്തോഷ് കുമാർ, സുജിത് കുമാർ എന്നിവർ സംസാരിച്ചു.
പൊതുമേഖലയെ തകർത്ത് സ്വകാര്യവൽക്കരിക്കാൻ ശ്രമം: വി ശിവൻകുട്ടി
കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി ശിവൻകുട്ടി. കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സർക്കാരിന്റെ ധവളപത്രം പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്നതിനാണ് ഊന്നൽ നൽകുന്നത്.
സൗജന്യ യാത്രാപദ്ധതിയിലൂടെ വലിയ വായ്പാഭാരമാണ് കെഎസ്ആർടിസിയുടെ മേൽ അടിച്ചേൽപ്പിക്കുന്നത്. വർഷം 1200 കോടി രൂപ വേണമെന്നിരിക്കെ 600 കോടി രൂപ മാത്രമാണ് സർക്കാർ ബജറ്റിൽ വകയിരുത്തിയത്. ലേബർ കോഡുകൾക്കെതിരെ സംസ്ഥാന സർക്കാരിന് നിയമനിർമാണം നടത്താമെന്ന് ശുപാർശയുള്ളപ്പോഴാണ് കേരളം കേന്ദ്രത്തിന് വഴങ്ങുന്നത്.
തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ അടിച്ചേൽപ്പിക്കാനാണ് ശ്രമം. മോട്ടോർ വാഹനമേഖലയോടും ശത്രുതാ സമീപനമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക്. ഡീസൽ, പെട്രോൾ വില ഇടയ്ക്കിടെ വർധിപ്പിച്ച് ഈ മേഖലയെ പൂർണമായും തകർക്കുകയാണ്.
പൊതുഗതാഗത മേഖലയെ സ്വകാര്യ കുത്തകകളുടെ കൈകളിലെത്തിക്കുന്ന നയമാണ് ഇരുസർക്കാരിനും. കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഡിസംബർ 1, 2 തീയതികളിൽ സിഐടിയു പാർലമെന്റിലേക്ക് നടത്തുന്ന പ്രക്ഷോഭത്തിൽ കേരളത്തിൽനിന്ന് 20,000 തൊഴിലാളികളെയാണ് അണിനിരത്തുന്നത്. കേന്ദ്രസർക്കാരിനുള്ള താക്കീതായി ഈ സമരം മാറുമെന്നും വി ശിവൻകുട്ടി പറഞ്ഞു.










0 comments