കെഎസ്ആർടിഇഎ പൊതുഗതാഗത സംരക്ഷണ റാലി ഇന്ന്; പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : പൊതുഗതാഗതമേഖലയെ സംരക്ഷിക്കണമെന്നും കെഎസ്ആർടിസിയെ തകർക്കുന്ന നയങ്ങളിൽനിന്ന് സർക്കാർ പിന്മാറണമെന്നും ആവശ്യപ്പെട്ട് കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ചൊവ്വാഴ്ച തലസ്ഥാനത്ത് പൊതുഗതാഗത സംരക്ഷണ റാലി നടത്തും. വൈകിട്ട് നാലിന് തിരുവനന്തപുരത്ത് ഓവർബ്രിഡ്ജ് ജങ്ഷനിൽനിന്ന് ആരംഭിച്ച് ഇ കെ നായനാർ പാർക്കിൽ സമാപിക്കും. പൊതുയോഗം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന വർക്കിങ് പ്രസിഡന്റ് സി കെ ഹരികൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബുധനാഴ്ച നടക്കുന്ന കെഎസ്ആർടിഇഎ ജനറൽ കൗൺസിലിനുമുന്നോടിയായാണ് റാലി. ആനത്തലവട്ടം ആനന്ദൻ നഗറിൽ (മാഞ്ഞാലിക്കുളം ശിക്ഷക് സദൻ) നടക്കുന്ന കെഎസ്ആർടിഇഎ സംസ്ഥാന വാർഷിക ജനറൽ കൗൺസിൽ രാവിലെ 10ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
യുഡിഎഫ് സർക്കാർ ഗതാഗതമേഖലയെ സ്വകാര്യവൽക്കരണത്തിലേക്ക് തള്ളിവിടുകയാണ്. പ്രിയദർശിനി സൗജന്യയാത്ര പദ്ധതിക്ക് പ്രതിവർഷം 1000 മുതൽ 1200 കോടി രൂപവരെ ബാധ്യത വരുമ്പോൾ ബജറ്റിൽ 600 കോടിമാത്രമാണ് വകയിരുത്തിയത്. പദ്ധതി നടപ്പായതോടെ പ്രതിദിന വരുമാനം കുത്തനെ ഇടിഞ്ഞു. വിദേശ ബാങ്കുകളിൽനിന്ന് 1400 കോടി രൂപയുടെ ബാധ്യത അടിച്ചേൽപ്പിക്കാനും നീക്കം നടക്കുന്നു.
കെഎഫ്സിയിൽനിന്ന് ഉയർന്ന പലിശയ്ക്ക് വായ്പയെടുത്താണ് ശമ്പളവും പെൻഷനും നൽകുന്നത്. പെൻഷനും ടിക്കറ്റ് തുകയ്ക്കുമുള്ള തുക വായ്പയാക്കി മാറ്റിയതിലൂടെ കോടിക്കണക്കിന് രൂപ പലിശയിനത്തിൽ നഷ്ടപ്പെടുന്നു. സ്പെയർപാർട്സ് വാങ്ങാൻ പണമില്ലാതെ സർവീസുകൾ മുടങ്ങുന്നതും രാഷ്ട്രീയപ്രേരിതമായ കൂട്ട സ്ഥലംമാറ്റങ്ങളും തൊഴിലാളി ആനുകൂല്യങ്ങളിലെ കുടിശ്ശികയും കെഎസ്ആർടിസിയെ പൂർണമായും താളംതെറ്റിച്ചു. പൊതുഗതാഗത സംവിധാനത്തെ സംരക്ഷിക്കാനായി നടക്കുന്ന ജനകീയമുന്നേറ്റത്തിൽ എല്ലാ ട്രാൻസ്പോർട്ട് തൊഴിലാളികളും അണിനിരക്കണം– സംസ്ഥാന ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ, ട്രഷറർ പി എ ജോജോ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.









0 comments