Deshabhimani

ഹരിപ്പാടിന് ടിക്കറ്റെടുത്ത വിദ്യാർഥിനിയെ രാത്രി ആലപ്പുഴയിൽ ഇറക്കിവിട്ടു; കെഎസ്ആർടിസിക്ക് എതിരെ പരാതി നൽകി കുടുംബം

ksrtc

ആലപ്പുഴ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർക്ക് രേഖാമൂലം പരാതി നൽകാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും സ്വീകരിക്കാൻ തയ്യാറായില്ല

വെബ് ഡെസ്ക്

Published on Nov 09, 2026, 03:41 PM | 1 min read

ആലപ്പുഴ: എറണാകുളത്തുനിന്ന് ഹരിപ്പാടിന് ബസിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത ബി കോം ഒന്നാംവർഷ വിദ്യാർഥിനിയെ രാത്രി പാതിവഴിയിൽ ഇറക്കിവിട്ട് കെഎസ്ആർടിസി. പന്തളം സ്വദേശിനിക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തിൽ കുടുംബം പൊലീസിലും വിവിധ സർക്കാർ വകുപ്പുകളിലും പരാതി നൽകി.


നവംബർ ഏഴിന് രാത്രി 8.30ഓടെ ആർപിസി 332 നമ്പർ ബസ് ആലപ്പുഴയിലെത്തിയപ്പോഴാണ് സർവീസ് അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് ജീവനക്കാർ യാത്രക്കാരെ ഇറക്കിവിട്ടത്. ഹരിപ്പാട്ടേക്ക് ടിക്കറ്റെടുത്ത വിദ്യാർഥിനിക്ക് തുടർയാത്രയ്ക്ക് ബദൽ സൗകര്യം ഒരുക്കിയില്ലെന്നും പരാതിയിൽ പറയുന്നു.


തുടർന്ന് ബസ് സ്റ്റാൻഡിൽ രണ്ടുമണിക്കൂറോളം ഒറ്റയ്ക്ക് കാത്തുനിന്ന വിദ്യാർഥിനിയെ മാതാപിതാക്കളെത്തിയാണ് വീട്ടിലേക്ക് കൊണ്ടുപോയത്. പിന്നാലെ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ആലപ്പുഴ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർക്ക് രേഖാമൂലം പരാതി നൽകാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും സ്വീകരിക്കാൻ തയ്യാറായില്ല. പിറ്റേദിവസം രാവിലെ പത്തിന് എത്താനായിരുന്നു നിർദേശമെന്നും കുടുംബം പറയുന്നു.


സംഭവത്തിൽ ഇടപെട്ട പന്തളത്തെ പൊതുപ്രവർത്തകൻ ബസ് ചേർത്തല ഡിപ്പോയുടേതാണെന്ന് കണ്ടെത്തി അധികൃതരുമായി ബന്ധപ്പെട്ടു. റോഡിലെ തിരക്ക് കാരണം സർവീസ് ആലപ്പുഴയിൽ അവസാനിപ്പിച്ചതാണെന്നും പിന്നീട് ബസ് ഡിപ്പോയിലെത്തിയെന്നും ജീവനക്കാർ മടങ്ങിയെന്നുമായിരുന്നു ആദ്യ വിശദീകരണം. എന്നാൽ, വിദ്യാർഥിനിയെ വഴിയിലിറക്കിവിട്ട നടപടി ചോദ്യം ചെയ്തതോടെ ബസിന് തകരാറുണ്ടായിരുന്നുവെന്ന വിശദീകരണമാണ് ലഭിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.


ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നതെന്നും വിശദീകരണങ്ങളിലെ വൈരുധ്യം അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ടിക്കറ്റ് തുക ഈടാക്കിയിട്ടും ലക്ഷ്യസ്ഥാനത്ത് എത്തിക്കാതെ യാത്രക്കാരിയെ വഴിയിലിറക്കിവിട്ടത് ഗുരുതരമായ അനാസ്ഥയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.


വിദ്യാർഥിനിക്കുണ്ടായ മാനസിക ബുദ്ധിമുട്ടിന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് വനിതാ-ശിശുക്ഷേമ, യുവജന, ഗതാഗത വകുപ്പുകൾക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്. ഗതാഗത മന്ത്രിക്കും പരാതി നൽകാനുള്ള നീക്കത്തിലാണ് കുടുംബം.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home