ശിശുദിന റാലി എവർറോളിങ് ട്രോഫി പട്ടത്താനം സ്കൂളിന്

കൊല്ലം
ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ശിശുദിനാഘോഷത്തിന്റെ ഭാഗമായുള്ള ശിശുദിന റാലിയിൽ പട്ടത്താനം ഗവ. എസ്എൻഡിപി യുപി സ്കൂളിന് ഒന്നാം സ്ഥാനം. വർണവൈവിധ്യവും കായിക സർഗശേഷികളുടെ പ്രകടനവും സമൂഹ നന്മയ്ക്കായുള്ള സന്ദേശവും കൊണ്ട് റാലി ശ്രദ്ധേയമായി. മഴവിൽ അഴകായും സൂര്യകാന്തി പൂക്കളായും പൂമ്പാറ്റകളായും എത്തിയ കുരുന്നുകളും ചാച്ചാ നെഹ്റുവിന് എന്നും പ്രിയപ്പെട്ട റോസാപ്പൂക്കൾ കൈക്കുമ്പിളിലേന്തിയും വർണ ബലൂണും വളയങ്ങളും തൊപ്പികളും സ്‌മൈലികളും ട്രൈ കളർ പേപ്പർ ബാൻഡും ധരിച്ചെത്തിയ കുട്ടികളും ക്രേവൺ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച് എസ്എൻ കോളേജ് ഓഡിറ്റോറിയത്തിൽ അവസാനിച്ച റാലിയെ മനോഹരമായ വർണോത്സവമാക്കി മാറ്റി. വിവിധ തീമുകൾ ചേർത്തുകൊണ്ട് സംഘടിപ്പിച്ച റാലിയെ നയിച്ചുകൊണ്ട് കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട രണ്ടാം ക്ലാസുകാരി ബെറ്റി സാർത്രെ സ്കൂളിന് അഭിമാനമായി. ദേശീയ ചിഹ്നങ്ങളെ പരിചയപ്പെടുത്തുന്ന പ്ലക്കാർഡും ദേശീയ പക്ഷി മയിലിന്റെ വേഷം ധരിച്ചെത്തിയ കുട്ടികളുടെ മയിൽനൃത്തം ദേശീയ വികാരം ഉണർത്തുന്നവയും കൗതുകകരവും ആയിരുന്നു. പ്രഥമാധ്യാപിക എസ് ഇന്ദുകലയുടെ നേതൃത്വത്തിൽ അധ്യാപകർ, രക്ഷിതാക്കൾ, പിടിഎ പ്രസിഡന്റ് ഡി ബൈജു, എസ് സി ചെയർമാൻ എസ് ഷൈലാൽ, എംപിടിഎ പ്രസിഡന്റ് യു ദേവിക, മറ്റ് ഭാരവാഹികൾ എന്നിവരുടെ സഹകരണത്തോടെയാണ് റാലി സംഘടിപ്പിച്ചത്. കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ എസ് ഷാജി ട്രോഫി സമ്മാനിച്ചു.









0 comments