ad
Deshabhimani

മഴക്കെടുതി; തിരുവല്ല - ചെങ്ങന്നൂർ റൂട്ടിൽ കെഎസ്ആർടിസി ഗതാഗതം താത്കാലികമായി നിർത്തിവച്ചു

TVLA CHGNR
വെബ് ഡെസ്ക്

Published on Aug 03, 2026, 12:51 PM | 1 min read

തിരുവല്ല: തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ തിരുവല്ല - ചെങ്ങന്നൂർ റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസുകൾ താത്കാലികമായി നിർത്തിവച്ചു. എംസി റോഡിൽ തിരുമൂലപുരം ഉൾപ്പെടെ പ്രമുഖ പാതകളിൽ പ്രളയജലം കയറിയതാണ് ഗതാഗത തടസ്സത്തിന് കാരണമായത്.


തിരുവല്ല, ചെങ്ങന്നൂർ ഡിപ്പോകളിൽ നിന്നുള്ള ഓർഡിനറി സർവീസുകൾ ഉൾപ്പെടെ വലിയൊരു വിഭാഗം സർവീസുകളെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഗതാഗതം നിർത്തിവയ്ക്കാൻ അധികൃതർ തീരുമാനിച്ചത്.

ജില്ലയിലുടനീളം മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിവിധ താലൂക്കുകളിലും താഴ്ന്ന പ്രദേശങ്ങളിലും പ്രളയസമാനമായ സ്ഥിതിയാണുള്ളത്.


പമ്പ, മണിമല, അച്ചൻകോവിൽ എന്നീ പ്രധാന നദികളിലെ ജലനിരപ്പ് അപകടനിലയോട് അടുത്താണ് ഒഴുകുന്നത്. നദീതീരങ്ങളിൽ താമസിക്കുന്നവർക്കും താഴ്ന്ന പ്രദേശങ്ങളിലുള്ളവർക്കും ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ഉപ്പുകുറ്റനാട്, തിരുവല്ലയുടെ താഴ്ന്ന പ്രദേശങ്ങൾ, ആറന്മുള, കോഴഞ്ചേരി, പന്തളം എന്നിവിടങ്ങളിലെ റസിഡൻഷ്യൽ മേഖലകളിലും കാർഷിക ഭൂമികളിലും വെള്ളം കയറി.


ചെങ്ങന്നൂർ-തിരുവല്ല എം സി റോഡിനു പുറമേ, ഗ്രാമീണ മേഖലകളെ ബന്ധിപ്പിക്കുന്ന നിരവധി ഉപറോഡുകളിലും വെള്ളക്കെട്ട് കാരണം വാഹനഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. സ്ഥിതിഗതികൾ കണക്കിലെടുത്ത് ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ സേനയുടെയും ഏകോപനത്തിൽ അടിയന്തര മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കി.


കാലാവസ്ഥാ പ്രവചനമനുസരിച്ച് മഴ തുടർന്നും ശക്തമാകാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലേക്കുള്ള രാത്രികാല യാത്രകൾക്ക് കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.


യാത്രക്കാർ ബസ് സർവീസുകളെക്കുറിച്ചുള്ള അടിയന്തര വിവരങ്ങൾ അറിയാൻ അതത് ഡിപ്പോകളിലെ കൺട്രോൾ റൂമുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. നദിക്കരകളിലും അപകടസാധ്യതയുള്ള മേഖലകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ താലൂക്ക് ദുരന്തനിവാരണ കൺട്രോൾ റൂമുകളിലോ പോലീസിലോ വിവരമറിയിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home