print edition ബസുകൾ കട്ടപ്പുറത്ത്, സ്പെഷ്യൽ ഓടാൻ വണ്ടിയില്ല

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഓണക്കാലത്ത് യാത്രാപ്രതിസന്ധി രൂക്ഷമായിട്ടും ആവശ്യത്തിന് സർവീസുകൾ നടത്താനാകാതെ കെഎസ്ആർടിസി. സൗജന്യ യാത്രാപദ്ധതിയുടെ നഷ്ടം നികത്താൻ കെഎസ്‌ആർടിസിക്ക് സർക്കാർ കൃത്യമായി ധനസഹായം നൽകാത്തതോടെ പല ബസുകളും പുറത്തിറക്കാനാകാത്ത സ്ഥിതിയാണ്. തൊള്ളായിരത്തിലധികം ബസുകൾ സ്പെയർപാർട്സ് കിട്ടാത്തതിനാൽ സർവീസ് നടത്തുന്നില്ല.
സാധാരണ ഓണക്കാലത്ത് കൂടുതൽ സർവീസ് നടത്തി ലാഭമുണ്ടാക്കുന്ന കെഎസ്ആർടിസിയാണ് ഇപ്പോൾ പ്രതിസന്ധിയിൽ നട്ടം തിരിയുന്നത്. ആവശ്യത്തിന് അധിക സർവീസുകൾ ഇല്ലാത്തതിനാൽ ദീർഘദൂര സർവീസുകളിലടക്കം വലിയ തിരക്കാണ്. ഏറ്റവും കൂടുതൽ വരുമാനമുള്ള വോൾവോ ബസുകൾപോലും കൃത്യമായി അറ്റകുറ്റപ്പണി നടത്തി ഓടിക്കാനാകുന്നില്ല.
ഓണക്കാലത്തെ വലിയ തിരക്ക് പരിഗണിച്ച് സൂപ്പർ ക്ലാസ് ബസുകൾ വാടകയ്ക്ക് എടുത്ത് സർവീസ് നടത്താനുള്ള കെഎസ്ആർടിസിയുടെ നീക്കവും പാളി. സൂപ്പർ ക്ലാസ് ബസുകൾ സ്വന്തമായി വാങ്ങാൻ പണമില്ലാത്തതിനാൽ 63 എസി ബസുകൾ വാടകയ്ക്ക് എടുക്കാൻ ടെൻഡർ ക്ഷണിച്ചെങ്കിലും ആരും താൽപ്പര്യം അറിയിച്ച് എത്തിയതുമില്ല. ഓണക്കാലത്തെ പ്രതിസന്ധി മറികടക്കാൻ നിലവിലുള്ള പഴയ ബസുകൾ ഉപയോഗിച്ചാണ് അധിക സർവീസ്. സൗജന്യയാത്ര ആരംഭിച്ചതോടെ പ്രതിദിനം മൂന്നുകോടി രൂപയുടെ ബാധ്യതയാണ് കോർപറേഷന് ഉണ്ടാകുന്നത്.










0 comments