കെഎസ്‌ആർടിസിയിൽ പ്രതിസന്ധി; 6000 താൽക്കാലിക ജീവനക്കാർക്ക് ശമ്പളം മുടങ്ങി

തിരുവനന്തപുരം
: കെഎസ്‌ആർടിസിയിൽ ആറായിരത്തോളം താൽക്കാലിക ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം മുടങ്ങി. ജൂൺ 15 വരെയുള്ള ശമ്പളമേ നൽകിയിട്ടുള്ളൂ. ബാക്കി 15 ദിവസത്തെ ശമ്പളം നൽകിയില്ല. ഈ മാസത്തെ ആദ്യഗഡുവും നൽകാനുണ്ട്. ഫലത്തിൽ 30 ദിവസത്തെ കുടിശ്ശിക.
എന്നാൽ, പ്രതിസന്ധിയില്ലെന്നും താൽക്കാലിക ജീവനക്കാർക്ക് മുടങ്ങിയ ശമ്പളമെല്ലാം കൊടുത്തെന്നും ഒരാഴ്‌ചത്തെ ശമ്പളമാണ് വൈകിയതെന്നുമാണ് ഗതാഗത മന്ത്രി സി പി ജോൺ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
രണ്ടുഘട്ടങ്ങളിലായി 15 ദിവസം കൂടുമ്പോഴാണ് താൽക്കാലിക ജീവനക്കാർക്ക് ശമ്പളം. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം ഇത് നാലും അഞ്ചും ഘട്ടമാക്കിയെന്ന് മാത്രമല്ല എപ്പോൾ നൽകുമെന്നതിന് വ്യവസ്ഥയുമില്ല.
താൽക്കാലിക ജീവനക്കാരുടെ ശമ്പളത്തിന് മാസം 12 കോടിയോളം രൂപ വേണം. ഒരു ഡ്യൂട്ടിക്ക് പ്രതിഫലം 720 രൂപ. മാസം 26 ഡ്യൂട്ടിവരെ എടുക്കാം. ദീർഘദൂര റൂട്ടിലായാൽ പരമാവധി 20 മുതൽ 24 ഡ്യൂട്ടിവരെയേ എടുക്കാനാവു. അതിനാല്‍ മാസം കിട്ടുന്നത് 17,500 രൂപവരെയാണ്. ഇതാണ് നാലും അഞ്ചും ഗഡുക്കളാക്കുന്നത്. മറ്റ് ക്ഷേമാനുകൂല്യങ്ങളുമില്ല. കെഎസ്‌ആർടിസിയിലെ 22,000 സ്ഥിരം ജീവനക്കാർക്കും ആറായിരത്തോളം താൽക്കാലിക ജീവനക്കാർക്കുമുള്ള ദിനബത്തയും ഒരു മാസമായി മുടങ്ങി. പ്രിയദർശിനി പദ്ധതി സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന ആശങ്ക ജീവനക്കാർ നേരത്തെ അറിയിച്ചിരുന്നു. പദ്ധതി ഒരു മാസം പൂർത്തിയാകുമ്പോൾ ആശങ്ക സത്യമാകുകയാണ്.











0 comments