ഓണത്തിന് കെഎസ്‌ആർടിസിയുടെ അധിക സർവീസ് ; സ്‌പെഷ്യൽ ട്രെയിനുകൾ നാമമാത്രം

തിരുവനന്തപുരം
യാത്രക്കാരുടെ തിരക്ക് രൂക്ഷമായിട്ടും സ്‌പെഷ്യൽ ട്രെയിനുകൾ പേരിന് മാത്രം. ഓണക്കാലത്ത് ജനറൽ കമ്പാർട്ടുമെന്റുകളിലും ശ്വാസം മുട്ടിയാകും യാത്ര. രാത്രിവണ്ടികളിലും പകൽ സർവീസുകളിലുമെല്ലാം ജനറൽ കോച്ചുകൾ തിങ്ങിനിറഞ്ഞാണ് ഓടുന്നത്. ശേഷിയുടെ നാലിരട്ടിയിലേറെ യാത്രക്കാർ ഒരു കോച്ചിലുണ്ട്. മണിക്കൂറുകളോളം നിന്ന് യാത്ര ചെയ്യേണ്ടിയും വരുന്നു. ദേശീയപാതയുടെ നിർമാണം നടക്കുന്നതിനാൽ കൂടുതൽപേരും തെരഞ്ഞെടുക്കുന്നത് ട്രെയിനാണ്.
ചെന്നൈ– -കൊല്ലം, മംഗളൂരു- –തിരുവനന്തപുരം നോർത്ത്, മംഗളൂരു– കൊല്ലം, ചെന്നൈ–കണ്ണൂർ, മംഗളൂരു–പാലക്കാട് വഴി ബംഗളൂരൂ റൂട്ടുകളിലാണ് റെയിൽവേ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിരുന്നത്. ഈ ട്രെയിനുകളിൽ ആദ്യ ദിവസങ്ങളിൽത്തന്നെ ടിക്കറ്റ് തീർന്നു. പ്രതിദിന ട്രെയിനിലാകട്ടെ വെയിറ്റിങ് ലിസ്റ്റും നീളുന്നു.
ബംഗളൂരു, ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ നിന്നടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് ഓണക്കാലത്ത് നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റിനായി ബുദ്ധിമുട്ടുന്നത്. ഉയർന്ന നിരക്കാണ് ഉത്സവ സ്പെഷ്യലുകളിൽ റെയിൽവേ ഈടാക്കുന്നത്. തത്‌ക്കാലിനായി നീക്കിവെക്കുന്നതിൽ 50 ശതമാനം പ്രീമിയം തത്‌ക്കാലാണ്. പ്രീമിയം തത്ക്കാലിൽ ഓരോ പത്ത് ശതമാനം കഴിയുന്തോറും നിരക്ക് വർധിക്കും.
ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമായി 96 സർവീസ് കെഎസ്‌ആർടിസി അധികമായി അനുവദിച്ചിട്ടുണ്ട്. നിലവിൽ അങ്ങോട്ടുള്ള സർവീസുകളിൽ കാര്യമായ തിരക്കില്ലെന്ന് ഓപ്പറേഷൻസ് വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ആവശ്യമെങ്കിൽ അധിക സർവീസുകൾ ഏർപ്പെടുത്തും.








0 comments