ഇന്ന് മുഖ്യമന്ത്രി ഫ്ലാഗ്‌ഓഫ് ചെയ്യും
8 വിഭാഗം 143 പുത്തൻ ബസ് ; നിരത്ത് കീഴടക്കാൻ കെഎസ്‌ആർടിസി

തിരുവനന്തപുരം
പുത്തൻ ബസുകളുമായി നിരത്ത് കീഴടക്കാൻ കെഎസ്‌ആർടിസി. എട്ട് വിഭാഗത്തിലായി 143 ബസുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴം വൈകിട്ട് 5.30ന് ആനയറ സ്വിഫ്‌റ്റ് ആസ്ഥാനത്ത് നിർവഹിക്കും. കെഎസ്‌ആർടിസിയിലെ സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്‌ഘാടനവും നടക്കും. ബിഎസ് 6 വിഭാഗത്തിലുള്ളതാണ് ബസുകൾ. ഭംഗിയിലും സൗകര്യത്തിലും സ്വകാര്യ ബസുകളെ മറികടക്കും.

ഫാസ്റ്റ്, സൂപ്പർഫാസ്റ്റ്, ലിങ്ക്,വോൾവോ, എസി സീറ്റർ കം സ്ലീപ്പർ, എസി സ്ലീപ്പർ, എസി സീറ്റർ, മിനി ബസ് എന്നീ വിഭാഗത്തിലാണ് പുതിയ ബസുകൾ. വോൾവോയിൽ സഞ്ചരിക്കാൻ നടൻ മോഹൻലാലും എത്തും. ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ചായിരിക്കും പുതിയ ലിങ്ക് സർവീസുകൾ. ദേശീയപതാകയുടെ കളര്‍ തീമില്‍ ഒരുക്കിയ ബോഡിയില്‍ കഥകളി ചിത്രം ആലേഖനം ചെയ്താണ് സീറ്റര്‍ കം സ്ലീപ്പര്‍, സ്ലീപ്പര്‍ ബസ്. പുഷ്ബാക്ക് സംവിധാനത്തിനൊപ്പം ഇരുനിറത്തിലുള്ള ലെതര്‍ സീറ്റുകളാണ്. ഓരോ സീറ്റിലും ചാര്‍ജര്‍, ഹാന്‍ഡ് റെസ്റ്റ്, ഫുട്ട് റെസ്റ്റ് എന്നിവയുമുണ്ട്. സ്ലീപ്പർ ബസിലെ ബെര്‍ത്തിൽ എസി വെന്റ്, റീഡിങ് ലൈറ്റ്, മൊബൈല്‍ ഹോള്‍ഡര്‍, പ്ലഗ് പോയിന്റ്, ബോട്ടിൽ ഹോള്‍ഡര്‍, ലഗേജ് വയ്‌ക്കാനുള്ള സ്ഥലം, കര്‍ട്ടൻ എന്നിവയുണ്ട്. ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് ബസിനും വ്യത്യസ്‌ത നിറമാണ്. എല്ലാബസിലും വൈഫൈ കണക്‌ഷൻ നൽകാവുന്ന ടിവിയും പുറത്തും അകത്തും കാമറകളുമുണ്ടാകും.
ഫ്ലാഗ്‌ഓഫ് ചടങ്ങിൽ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും. വെള്ളി മുതൽ ഞായർ കനകക്കുന്നിൽ നടക്കുന്ന ട്രാൻസ്‌പോയിൽ പൊതുജനങ്ങൾക്ക് ബസിലെ സൗകര്യങ്ങൾ പരിശോധിക്കാൻ അവസരമുണ്ടാകും.









0 comments