കട്ടപ്പുറത്ത് 665 ബസ്; കാലാവധി കഴിഞ്ഞത് 1914 എണ്ണം, കെഎസ്‌ആർടിസി പ്രതിസന്ധിയുടെ നടുറോഡിൽ

തിരുവനന്തപുരം : ബസുകളുടെ കാലപ്പഴക്കവും കൃത്യമായ അറ്റകുറ്റപ്പണികൾ ഇല്ലാത്തതും സംസ്ഥാനത്തെ കെഎസ്‌ആർടിസി സർവീസുകളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. സർവീസ് നടത്തേണ്ട 665 ബസുകളാണ് കട്ടപ്പുറത്തുള്ളത്. കാലാവധി കഴിഞ്ഞിട്ടും 1914 ബസുകൾ സർവീസ് തുടരുന്നതായും ഇതിൽ 22 ലോഫ്‌ളോർ ബസുകളുൾ ഉൾപ്പെടുന്നു.
ഇതിൽ 82 ബസുകൾ മാത്രമാണ് സ്ക്രാപ്പ് ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്. കൂടാതെ, 2023 മാർച്ച് 31ന് ശേഷം കെഎസ്‌ആർടിസിയിൽ ഓഡിറ്റ് നടന്നിട്ടില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
സ്വിഫ്റ്റ് ഉൾപ്പെടെ കെഎസ്‌ആർടിസിക്ക് ആകെ 5,755 ബസുകളാണ് ഉള്ളത്. ഇതിൽ 2,988 എണ്ണം ഓർഡിനറി വിഭാഗത്തിൽ പെടുന്നു. സർവീസ് നടത്തേണ്ട 665 ബസുകൾ കട്ടപ്പുറത്തായതിൽ 281 ഓർഡിനറി ബസുകളും, 58 ജെയ്ൻ നോൺ-എസി ബസുകളും, 50 ഫാസ്റ്റ് പാസഞ്ചറുകളും, 7 പൊലീസ് കസ്റ്റഡിയിലുള്ളവയും ഉൾപ്പെടുന്നു.
കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാകുന്നതിനൊപ്പം പ്രിയദർശിനി പദ്ധതിയുടെ നടത്തിപ്പും അവതാളത്തിലായിരിക്കുകയാണ്. പദ്ധതി പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ടുപോകാത്തത് കെഎസ്ആർടിസിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുകയും സർവീസുകളെ ബാധിക്കുകയും ചെയ്തു.
ബസുകളുടെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താതിരിക്കുകയും കാലാവധി കഴിഞ്ഞ വാഹനങ്ങൾ സമയബന്ധിതമായി മാറ്റിസ്ഥാപിക്കാതിരിക്കുകയും ചെയ്യുന്നത് സർവീസുകളെ പ്രതികൂലമായി ബാധിക്കുന്നു. നിലവിൽ കട്ടപ്പുറത്തുള്ള ബസുകൾക്കൊപ്പം കൂടുതൽ വാഹനങ്ങൾ കൂടി സർവീസിൽനിന്ന് പിന്മാറിയാൽ യാത്രാക്ലേശം വർധിക്കാനും സർവീസുകൾ വെട്ടിക്കുറയ്ക്കാനും സാധ്യതയുണ്ട്.
കട്ടപ്പുറത്തുള്ള ബസുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കുക, കാലാവധി കഴിഞ്ഞ വാഹനങ്ങൾ മാറ്റി പുതുയവ വാങ്ങുക. പ്രിയദർശിനി പദ്ധതിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, ഓഡിറ്റ് നടപടികൾ പൂർത്തിയാക്കുക തുടങ്ങിയ കാര്യങ്ങളിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കെഎസ്ആർടിസിയുടെ പ്രതിസന്ധി ഇനിയും രൂക്ഷമാകും.









0 comments