print edition കെഎസ്ആർടിസിയിൽ പ്രതിസന്ധി; 1400 കോടി കടമെടുക്കുന്നു

എസ് കിരൺബാബു
Published on Jul 24, 2026, 02:49 AM | 1 min read
തിരുവനന്തപുരം: കെഎസ്ആർടിസിയെ വീണ്ടും നഷ്‌ടത്തിലേക്ക് തള്ളിവിടാൻ യുഡിഎഫ് സർക്കാരിന്റെ ശ്രമം. പുതിയ ബസ് വാങ്ങാനെന്ന പേരിൽ വിദേശ ബാങ്കുകളിൽനിന്ന് 1400 കോടി കെഎസ്ആർടിസിയെക്കൊണ്ട് കടമെടുപ്പിക്കാനാണ് നീക്കം. കടമെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രിയുടെ നിർദേശത്തില്‍ കെഎസ്ആർടിസി സിഎംഡി ഗതാഗത സെക്രട്ടറിക്ക് കത്തയച്ചു. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിന് പിന്നാലെ കെഎസ്ആർടിസിക്ക് സർക്കാർ നൽകിയ 100 കോടിയുടെ സഹായം പര്യാപ്തമല്ലെന്നും കത്തിൽ പറയുന്നു. ജർമൻ വികസന ബാങ്കായ കെഎഫ്ഡബ്ല്യു പോലുള്ള വിദേശ ഏജൻസികളുടെ വായ്‌പ ലഭിക്കുമെന്നും കത്തിലുണ്ട്.
പുതിയ കടബാധ്യതകള്‍ വന്നാല്‍ കെഎസ്ആർടിസിയുടെ പ്രവർത്തനം നിലയ്‌ക്കും. 3200 കോടി രൂപയുടെ ഭീമമായ കടബാധ്യതയാണ് കെഎസ്ആർടിസിക്ക് നിലവിലുള്ളത്. ഇത് തീർക്കാൻ പ്രതിദിനം ഒരു കോടി രൂപയാണ് തിരിച്ചടയ്‌ക്കുന്നത്. ഇതിന് പുറമെയാണ് വിരമിച്ച ജീവനക്കാർക്കും നിലവിലെ ജീവനക്കാർക്കും നൽകേണ്ട ആനുകൂല്യങ്ങൾ.
നിരവധി പ്രതിസന്ധികൾ അതീജീവിച്ചാണ് എൽഡിഎഫ് സർക്കാർ കെഎസ്‌ആർടിസിയെ കരകയറ്റിയത്. നാലായിരം കോടി രൂപയായിരുന്നു ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ ബാധ്യത. പെൻഷൻ മുടങ്ങിയതോടെ 24 പെൻഷൻകാർ ആത്മഹത്യചെയ്‌തിരുന്നു. കടബാധ്യത എൽഡിഎഫ് 3200 കോടിയായി കുറച്ചു. കെഎസ്‌ആർടിസിക്ക് പ്രതിസന്ധികളിൽനിന്ന് കരകയറാൻ കരുത്തായത് ഒന്നും രണ്ടും പിണറായി സർക്കാരുകൾ നൽകിയ 14,102 കോടി രൂപയുടെ സഹായമാണ്.










0 comments