കെഎസ്‌ആർടിസി ഡ്രൈവിങ് സ്‌കൂൾ ; കാത്തിരുന്ന് പഠിക്കാൻ ആളുണ്ട് , വിജയം 90%

തിരുവനന്തപുരം
കെഎസ്‌ആർടിസി ഡ്രൈവിങ് സ്‌കൂളിൽനിന്ന് ലൈസൻസ് എടുക്കാൻ പഠിതാക്കളുടെ തിരക്ക്. കിഴക്കേക്കോട്ടയിലെ കെഎസ്‌ആർടിസി സ്‌റ്റാഫ് ട്രെയിനിങ് സെന്ററിൽ ബുക്കിങ് ഒരുവർഷംവരെയായി. കഴിഞ്ഞവർഷം ജൂണിലാണ് കെഎസ്‌ആർടിസിയുടെ ആദ്യ ഡ്രൈവിങ് സ്‌കൂൾ ഇവിടെ ആരംഭിച്ചത്. ഒരുവർഷമാകുമ്പോൾ രണ്ടുവീതം കാറിലും ടുവീലറിലും ബസിലും പരിശീലനം നൽകുന്നു. ഒരു ബാച്ചിൽ എൽഎംവിക്കും ടുവീലറിനും 48 വീതവും ഹെവിയിൽ 34 പേർക്കും പ്രവേശനം നൽകുന്നു. 30 ദിവസമാണ് ക്ലാസ്.
നിലവിൽ സംസ്ഥാനത്ത് കെഎസ്‌ആർടിസിക്ക് കീഴിൽ 18 ഡ്രൈവിങ് സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. കാട്ടാക്കട, വിതുര, പാറശാല, പൂവാർ, ചടയമംഗലം, ചാത്തന്നൂർ,വെള്ളനാട്, ആറ്റിങ്ങൽ, എടപ്പാൾ, മാവേലിക്കര, എടത്വ, പൊന്നാനി, നിലമ്പൂർ, ചാലക്കുടി, ചിറ്റൂർ, മാനന്തവാടി, പയ്യന്നൂർ എന്നിവിടങ്ങളിലാണ് മറ്റ് സെന്ററുകൾ. ഗുരുവായൂർ, നെടുമങ്ങാട്, കരുനാഗപ്പള്ളി, ബത്തേരി, പന്തളം എന്നിവിടങ്ങളിൽ ഉടൻ ആരംഭിക്കും. എംഎൽഎമാർ ഫണ്ട് നീക്കിവയ്‌ക്കാൻ താൽപ്പര്യപ്പെടുന്നത് കൂടുതൽ സ്‌കൂളുകൾ ആരംഭിക്കാൻ സഹായകമായി. ഏതാനും ആഴ്‌ച ആരംഭിച്ച മൂന്ന് സ്‌കൂളുകളിൽ ഒഴിച്ച് മറ്റെല്ലാസെന്ററുകളിലും പരിശീലനത്തിന് ബുക്കിങ്ങായി.
90 ശതമാനമാണ് സ്‌കൂളുകളിലെ വിജയശതമാനം. 83 ശതമാനത്തിൽനിന്നാണ് ഈ പുരോഗതി. ഫസ്‌റ്റ് എയ്‌ഡ്, സിപിആർ എന്നിവ നൽകാൻ പഠിക്കുന്നതും സിലബസിന്റെ ഭാഗമാണ്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്രത്യേകം സർട്ടിഫിക്കറ്റ് നൽകുന്നത് ആലോചനയിലാണ്. ഇതുവരെ 1857 പേർ ഡ്രൈവിങ് ലൈസൻസ് നേടി. ഇതിൽ 70 ശതമാനംപേരും വനിതകളാണ്. 1.74 കോടി വരുമാനം ലഭിച്ചു. ഇതിൽ 60 ലക്ഷത്തിലേറെ ലാഭമാണ്. 3500 രൂപയാണ് ടൂവീലർ പരിശീലനത്തിന് 9000 രൂപ വീതം കാർ, ബസ് എന്നിവ പഠിക്കുന്നതിനുമുള്ള ഫീസ്. ടുവീലറിനും കാറിനും ഒന്നിച്ച് ചേരുമ്പോൾ 11000 രൂപ നൽകിയാൽ മതി. എസ്‌സി, എസ്‌ടി വിഭാഗക്കാർക്ക് 20 ശതമാനം ഫീസിളവുണ്ട്.









0 comments