print edition കെഎസ്‌ആർടിസിക്ക് പ്രതിമാസം 3 കോടി അധികബാധ്യത

കെഎസ്‌ആർടിസി ബസ്
സുനീഷ് ജോ
Published on May 16, 2026, 04:07 AM | 1 min read
തിരുവനന്തപുരം : കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചത് കെഎസ്‌ആർടിസിക്കും തിരിച്ചടിയാകും. ഡീസലിന് വെള്ളിയാഴ്ച 3.04 രൂപയാണ് കൂട്ടിയത്. ഇതോടെ ദിവസം കെഎസ്‌ആർടിസിയിൽ 10 ലക്ഷത്തിൽക്കൂടുതൽ ബാധ്യത ഉണ്ടാകും. പ്രതിമാസം അത് 3.15 കോടിയും. ശരാശരി 4500 ബസ് ഓടിക്കുന്പോഴാണിത്. ഒരുദിവസത്തെ യാത്രയ്ക്കായി മൂന്നരലക്ഷം ലിറ്റർ ഡീസലാണ് കെഎസ്‌ആർടിസി ഉപയോഗിക്കുന്നത്. ഇത് വരുമാനത്തിന്റെ 47മുതൽ 50ശതമാനമാണ്. ടിക്കറ്റ് വരുമാനം ശരാശരി 7.5 കോടിക്ക് മുകളിൽ എത്തിയിട്ടുണ്ടെങ്കിലും അടിക്കടിയുണ്ടാകുന്ന ഡീസൽ വർധന കെഎസ്‌ആർടിസിയെ പിന്നോട്ടടിപ്പിക്കും.
2022മാർച്ചിൽ ബൾക്ക് ഡീസലിന് 25 രൂപയോളം വർധിപ്പിച്ചപ്പോൾ പൊതുഗതാഗതമേഖലയ്‌ക്കും ബാധകമായിരുന്നു. അന്ന് സംസ്ഥാനസർക്കാർ പുതുതായി പെട്രോൾ പന്പുകൾ (യാത്രാ ഫ്യുവൽസ്) ആരംഭിച്ചാണ് കെഎസ്‌ആർടിസിയെ പിടിച്ചുനിർത്തിയത്. പൊതുജനങ്ങൾക്കും ഇത്തരം പന്പുകളിലൂടെ ഗുണമേന്മയുള്ള ഇന്ധനം നൽകിവരുന്നു. ഇൗ വർഷം ഫെബ്രുവരി 13 മുതൽ ഇന്ത്യൻ ഓയിൽ കോർപറേഷനുമായി വിപണി വിലയേക്കാൾ 3.14 രൂപ കുറച്ച് വിതരണം ചെയ്യുന്നതിന് കെഎസ്‌ആർടിസിയുമായി കരാറുണ്ടാക്കിയിരുന്നു.
ഓയിൽ കോർപറേഷന് നൽകാനുണ്ടായിരുന്ന 178 കോടി രൂപ ഒറ്റത്തവണ തീർപ്പാക്കലിലൂടെ കൊടുത്തതോടെയാണ് ധാരണയിലെത്തിയത്.
പുതിയ സാഹചര്യത്തിൽ എണ്ണക്കന്പനി കരാറിൽനിന്ന് പിൻവാങ്ങുമോ എന്ന് ആശങ്കയുണ്ട്. മേയ് ആദ്യം മുതൽ വീണ്ടും ബൾക്ക് ഡീസലിന് 12 രൂപ വർധിപ്പിച്ചെങ്കിലും പൊതുമേഖല ആർടിസികളെ ഒഴിവാക്കിയിരുന്നു. സർക്കാർ സഹായവും ടിക്കറ്റ്, ഇതര വരുമാനവും ചെലവും താരതമ്യം ചെയ്യുന്പോൾ ശരാശരി 10 കോടിയുടെ കുറവാണ് ഇപ്പോഴുള്ളത്.










0 comments