Deshabhimani

ചലോ ആപ്പിൽ കെഎസ്‌ആർടിസി 
ബസ്‌ ലൈവാകും

ksrtc chalo app
വെബ് ഡെസ്ക്

Published on Jun 25, 2025, 02:10 AM | 1 min read


തിരുവനന്തപുരം

കെഎസ്ആർടിസി ബസുകളുടെ തത്സമയ യാത്രാവിവരങ്ങൾ ചലോ മൊബൈൽ ആപ്പിൽ ലഭ്യമാകുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ. കാഴ്ചപരിമിതർക്കും ഉപയോഗിക്കാൻ പാകത്തിൽ ആപ്പിൽ മാറ്റം വരുത്തും. സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാർക്ക് അവിടേക്ക്‌ എത്തുന്ന അടുത്ത ബസിനെക്കുറിച്ചും അതിലെ ഒഴിവുള്ള സീറ്റുകളെക്കുറിച്ചും അറിയാൻ കഴിയും. ബസ് തെരഞ്ഞെടുത്ത് കയറുന്നതിനു മുമ്പേ ടിക്കറ്റ് എടുക്കാം. മൊബൈൽ ആപ്പിലെ ക്യൂആർ കോഡ് കണ്ടക്ടറെ കാണിക്കണമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ബസിൽ ടിക്കറ്റ് എടുക്കാൻ ഉപയോഗിക്കുന്ന സ്മാർട്ട് കാർഡുകളും മൊബൈൽ ആപ് വഴി ചാർജ്‌ ചെയ്യാനാകും. നിലവിൽ അച്ചടിച്ച ഒരുലക്ഷം കാർഡുകളിൽ 82,000 കാർഡുകൾ വിൽപ്പന നടത്തി. നാലുലക്ഷം കാർഡുകൾ കൂടി ഉടൻ സജ്ജമാകും. നിശ്ചിത തുക നൽകി യാത്രക്കാർക്ക് കാർഡ് വാങ്ങാം. ചാർജ്‌ ചെയ്ത് ഉപയോഗിക്കാം.


ജീവനക്കാരുടെ പേരിലുള്ള ചെറിയ കേസുകൾ പരിഗണിക്കാൻ വ്യാഴം മുതൽ അദാലത്ത് സംഘടിപ്പിക്കും. ജീവനക്കാരുടെ വിന്യാസം കൃത്യമാക്കിയപ്പോൾ ദിവസം 100 ബസ്‌ അധികം ഓടിക്കാൻ കഴിഞ്ഞു. സ്‌പെയർപാർട്‌സ് വാങ്ങുന്നതിന് പണം നൽകുന്നതും സോഫ്റ്റ്‌വെയർ വഴിയാകും. ഉപയോഗിക്കാത്ത സ്‌പെയർപാർട്‌സുകൾ ലേലം ചെയ്ത് വിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.


യാത്രാ പാസുകൾ സ്‌മാർട്ട്‌ 
കാർഡിലേക്ക്

വിദ്യാർഥി കൺസെഷൻ കാർഡുകളും ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെയുള്ള എല്ലാവിധ യാത്രാ പാസുകളും സ്‌മാർട്ട്‌ കാർഡിലേക്ക് മാറും. വിദ്യാർഥികൾക്ക് കാർഡ് പുതുക്കാൻ ഇനി മുതൽ വർഷംതോറും ഓഫീസിൽ എത്തേണ്ടതില്ല. ബസിൽ പണം നൽകി കാർഡ് പുതുക്കാം. കാർഡിന്റെ തുക മാത്രമാണ് വിദ്യാർഥികളിൽനിന്നും വാങ്ങുക. യാത്ര സൗജന്യമാണ്. 20 ദിവസത്തിനകം സ്റ്റുഡന്റ്‌സ് കാർഡുകൾ വിതരണം ചെയ്ത് തുടങ്ങും.


അന്വേഷണ കൗണ്ടർ നിർത്തും

ബസുകളുടെ യാത്രാവിവരം ഓൺലൈനിൽ ലഭ്യമായ സാഹചര്യത്തിൽ ഡിപ്പോകളിലെ ഓഫീസുകളിലെ അന്വേഷണ കൗണ്ടറുകൾ നിർത്തലാക്കും. പകരം ഉദ്യോഗസ്ഥർക്ക് മൊബൈൽ ഫോണുകൾ നൽകും. പരാതികൾ ഈ നമ്പരിൽ അറിയിക്കാം. 24 മണിക്കൂറും മൊബൈൽ ഫോണുകൾ പ്രവർത്തനസജ്ജമായിരിക്കും.


ബസ്‌ ഷെഡ്യൂളിന്‌ എഐ

ബസ് ഷെഡ്യൂളിങ്ങും എഐ അടിസ്ഥാനത്തിലെ സോഫ്റ്റ്‌വെയറിലേക്ക് മാറ്റും. യാത്രക്കാരില്ലാത്തപ്പോൾ ബസ് ഒതുക്കിയിടും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home