Deshabhimani

സീറ്റുണ്ടോ ? സ്‌മാർട്ട്‌ ഫോണിൽ അറിയാം ; ട്രെൻഡിങ്ങായി ‘ചലോ’ ആപ്‌

ksrtc chalo app
വെബ് ഡെസ്ക്

Published on Jul 20, 2025, 03:31 AM | 1 min read


തിരുവനന്തപുരം

ബസിൽ സീറ്റുണ്ടാകുമോ? വലിയ തിരക്കുണ്ടാകുമോ എന്തോ? യാത്രയ്‌ക്കൊരുങ്ങുമ്പോൾ മനസ്സിലുയരുന്ന ചോദ്യങ്ങൾക്ക്‌ വിരൽത്തുമ്പിൽ ഉത്തരം നൽകുന്ന ‘ചലോ' ആപ്പിന്‌ സംസ്ഥാനത്ത്‌ മികച്ച പ്രതികരണം. ലൈവ്‌ ബസ്‌ ട്രാക്കിങ്‌ ആപ്ലിക്കേഷനായ ‘ചലോ’യുമായി ചേർന്ന്‌ കെഎസ്‌ആർടിസി നടപ്പാക്കിയ ആപ്‌ രണ്ടാഴ്ചയ്‌ക്കകം സ്മാർട്ട്‌ ഫോണിൽ ഡൗൺലോഡ്‌ ചെയ്തത്‌ മൂന്നുലക്ഷത്തിലധികംപേർ. രാജ്യത്ത്‌ ആദ്യമായാണ്‌ ഒരുസംസ്ഥാനത്തെ എല്ലാബസുകളും റൂട്ടുകളും മൊബൈൽ ആപ്പിൽ ലഭ്യമാകുന്നത്‌. ബസിൽ സീറ്റ്‌ ഒഴിവുണ്ടോയെന്ന്‌ ആപ്പിലൂടെ അറിയാം. തിരക്ക്‌ ഉണ്ടെങ്കിൽ അതും.


തെരഞ്ഞെടുക്കുന്ന റൂട്ടിലൂടെ വരുന്ന ബസുകൾ കാണാം. ബസ്‌ സ്‌റ്റോപ്പുകളും ബസിന്റെ നമ്പറും ഏറ്റവും അടുത്ത സ്‌റ്റോപ്പിലേക്ക്‌ എത്തുന്ന സമയവും കാണാം. സീറ്റ്‌ ഒഴിവുണ്ടോ, നിന്ന്‌ യാത്ര ചെയ്യുന്നവരുണ്ടോ, നിറയെ യാത്രക്കാരുണ്ടോ എന്നെല്ലാം അറിയാനാകും. ബസിലെ ഇ ടിക്കറ്റ്‌ മെഷീനുമായി ബന്ധിപ്പിച്ചാണ്‌ പ്രവർത്തനം.


സിറ്റി സർക്കുലർ, ഓർഡിനറി , ലിമിറ്റഡ്‌ സ്‌റ്റോപ്പ്‌, റിസർവേഷൻ കാറ്റഗറി ബസുകളെല്ലാം ട്രാക്ക്‌ ചെയ്യാം. മുൻകൂട്ടി ടിക്കറ്റും എടുക്കാം. അതിനായി യുപിഐ ആപ്പുകൾ, ഡെബിറ്റ്‌ കാർഡ്‌ എന്നിവ ഉപയോഗിച്ച്‌ പണം അടയ്‌ക്കാം. ബസ്‌ എപ്പോൾ സ്‌റ്റോപ്പിലെത്തുമെന്നും അറിയാം.


ട്രാവൽ കാർഡ്‌ റീചാർജ്‌ ചെയ്യാനും റിസർവേഷൻ ടിക്കറ്റ്‌ എടുക്കാനുമാകും. വിദ്യാർഥികൾക്ക്‌ സ്‌മാർട്ട്‌ കൺസഷൻ കാർഡ്‌ പുതുക്കുകയും ചെയ്യാം. ശരാശരി 20 ലക്ഷം പേർ ദിവസവും യാത്രയ്‌ക്ക്‌ കെഎസ്‌ആർടിസിയെ ആശ്രയിക്കുന്നുണ്ടെന്നാണ്‌ കണക്ക്‌. കാലത്തിനൊത്ത്‌ മികച്ച യാത്രാസൗകര്യമൊരുക്കി മുന്നേറുകയാണ്‌ സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home