ad
Deshabhimani

print edition കെഎസ്‌ആർടിസി ബിസിനസ്‌ ക്ലാസ്‌ ബസുകൾ ഇന്ന്‌ നിരത്തിലിറങ്ങും

ksrtc.png
വെബ് ഡെസ്ക്

Published on Aug 16, 2026, 01:30 AM | 1 min read

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ബിസിനസ്‌ ക്ലാസ്‌ ബസുകൾ ‘എക്സിക്യൂട്ടീവ് ക്ലാസ്' എന്ന പുതിയ പേരിൽ ഞായറാഴ്ചമുതൽ സർവീസ് ആരംഭിക്കും. വന്ദേഭാരത് ട്രെയിനുകൾക്ക് സമാനമായി ശുചിമുറി, ഭക്ഷണം, കഫെറ്റീരിയ, പാൻട്രി തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടെയാണ് ബസുകൾ നിരത്തിലിറങ്ങുന്നത്. ആലപ്പുഴ-–ബംഗളൂരു പാതയിലാണ് സർവീസ് നടത്തുക. ഓൺലൈൻ ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് അഞ്ചരയ്ക്ക് ആലപ്പുഴയിൽനിന്ന് പുറപ്പെടുന്ന ബസ് വൈറ്റില, തൃശൂർ മണ്ണുത്തി ബൈപാസ്, പാലക്കാട് ചന്ദ്രനഗർ, കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപാസ്, സേലം വഴി പിറ്റേദിവസം പുലർച്ചെ 5.55ന്‌ ബംഗളൂരുവിൽ എത്തിച്ചേരും.



തിരികെ ബംഗളൂരുവിൽനിന്ന് രാത്രി എട്ടിന് പുറപ്പെട്ട് ഇതേ വഴിയിലൂടെ സഞ്ചരിച്ച് പിറ്റേന്ന് രാവിലെ എട്ടിന് ബസ് ആലപ്പുഴയിൽ തിരിച്ചെത്തും. മുൻ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ അവതരിപ്പിച്ച ബസ്‌, മെയ്‌ ആദ്യവാരം സർവീസ്‌ തുടങ്ങുമെന്നായിരുന്നു കെഎസ്‌ആർടിസി അറിയിച്ചിരുന്നത്‌. തെരഞ്ഞെടുപ്പിനു മുമ്പുതന്നെ അന്നത്തെ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ സർവീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും പെരുമാറ്റച്ചട്ടം നിലവിൽവന്നതോടെ നീണ്ടുപോയി. പിന്നീട്‌ യുഡിഎഫ്‌ സർക്കാർ അധികാരത്തിലേറിയതോടെ പദ്ധതി മരവിപ്പിക്കുകയായിരുന്നു.

ബിസിനസ് ക്ലാസുകൾ ഇറക്കുന്നത് തങ്ങളുടെ നയമല്ലെന്നാണ് മന്ത്രി സി പി ജോൺ മുമ്പ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. യാത്രക്കാർക്ക് www.onlineksrtcswift.com ലൂടെയോ 9447071021 എന്ന വാട്സാപ് നമ്പറിലൂടെയോ ബുക്ക്‌ ചെയ്യാം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home