ad
Deshabhimani

സർക്കാർ ഫണ്ട് അനുവദിച്ചില്ല ഐടിഐകളിൽ‍ അന്നം മുടങ്ങി

േ

ഭക്ഷണവിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് നിലമ്പൂർ ഐടിഐയിൽ എസ്എഫ്ഐ നടത്തിയ ഉപരോധം

avatar
എം സനോജ്

Published on Aug 18, 2026, 12:36 AM | 1 min read

നിലമ്പൂർ

സർക്കാർ ഫണ്ട് അനുവദിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്തെ ഐടിഐകളിൽ ഹോസ്റ്റൽ ഭക്ഷണവും ഉച്ചഭക്ഷണവും പോഷകാഹാര വിതരണവും മുടങ്ങി. ഭക്ഷണത്തിനുള്ള പണം കണ്ടെത്താനാകാതെ പട്ടികജാതി–പട്ടികവർഗ വിദ്യാർഥികൾ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്ന അവസ്ഥയിൽ. നിലമ്പൂർ, ആര്യനാട്, വയനാട്, അട്ടപ്പാടി ഐടിഐകളിലാണ് ഹോസ്റ്റൽ ഭക്ഷണം, ഉച്ചഭക്ഷണം, പോഷകാഹാരം എന്നിവ മുടങ്ങിയത്. സംസ്ഥാനത്തെ 10 വനിതാ ഐടിഐകളിലും ഹോസ്റ്റൽ ഭക്ഷണം നിലച്ചിട്ടുണ്ട്. ഇതിന് പുറമെ സംസ്ഥാനത്തെ മുഴുവൻ ഐടിഐകളിലെയും പോഷകാഹാര വിതരണവും മുടങ്ങിയതായി വിദ്യാർഥികൾ പറയുന്നു.

പരീക്ഷാ അവധിക്കായി ജൂൺ 30ന് അടച്ച ഐടിഐകൾ ആഗസ്ത് 10നാണ് തുറന്നത്. എന്നാൽ ക്യാമ്പസുകൾ തുറന്ന ദിവസംതന്നെ ഭക്ഷണവിതരണം നിലച്ചത് വിദ്യാർഥികളെ ദുരിതത്തിലാക്കി. ഐടിഐകൾ തുറക്കുംമുമ്പുതന്നെ ഹോസ്റ്റൽ ഭക്ഷണം ഉറപ്പാക്കേണ്ട സർക്കാരിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ആക്ഷേപം. തൊഴിൽ വകുപ്പിനുകീഴിലുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ധനസഹായങ്ങൾ അനുവദിക്കുന്നത് ധനകാര്യ വകുപ്പാണ്. ഫണ്ടിന്റെ അഭാവം ചൂണ്ടിക്കാട്ടി ഭക്ഷണത്തിനുള്ള തുക ഇതുവരെ അനുവദിച്ചിട്ടില്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന പട്ടികജാതി–പട്ടികവർഗ വിദ്യാർഥികൾ പുറത്തുനിന്ന് ഭക്ഷണം വാങ്ങാൻ സാമ്പത്തികശേഷിയില്ലാത്തവരാണ്‌. ഹോസ്റ്റൽ ഭക്ഷണം പുനരാരംഭിച്ചാൽമാത്രമേ ഇവർക്ക്‌ പഠനം തുടരാനാകൂ. ഭക്ഷണ വിതരണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂർ ഐടിഐയിൽ എസ്‌എഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠിപ്പുമുടക്ക്‌ സമരം നടത്തി. സർക്കാർ അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്നും ഭക്ഷണ വിതരണം പുനഃസ്ഥാപിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. സമരത്തിന് ടി ഗോകുല്‍ ഏലക്കുളം, സി എം സഫ്‌വാന്‍, കെ വി അദ്നാന്‍, ഷിനു പ്രവീണ്‍ എന്നിവര്‍ നേത്വത്വം നല്‍കി.



സമരം വിജയിച്ചു; പദ്ധതി പുനഃസ്ഥാപിച്ച് ഉത്തരവ്

സംസ്ഥാനത്തെ സര്‍ക്കാര്‍ ഐടിഐകളില്‍ ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് പോഷകാഹാര, ഉച്ചഭക്ഷണ വിതരണം നിലച്ചതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ സമരം ഫലംകണ്ടു. വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമായതോടെ സംസ്ഥാനത്തെ 74 ഐടിഐകളിലെ പോഷകാഹാര പദ്ധതിയും 34 ഐടിഐകളിലെ ഉച്ചഭക്ഷണ പദ്ധതിയും പുനഃസ്ഥാപിച്ച് തൊഴില്‍ വകുപ്പ് തിങ്കളാഴ്ച ഉത്തരവിറക്കി. 2027 മാര്‍ച്ച് 31വരെ പദ്ധതി ദീര്‍ഘിപ്പിക്കാന്‍ ട്രെയിനിങ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home