കാണം വിൽക്കണം, ഓണം ഉണ്ണാൻ

കൊല്ലം
കാണം വിറ്റേ ഇക്കുറി ഓണം ഉണ്ണാനാകൂ. പൊതുവിപണിയില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുതിച്ചിട്ടും ഇടപെടാതെ സർക്കാർ. വിലക്കയറ്റം നിയന്ത്രിക്കാൻ തയ്യാറാകാത്ത സർക്കാർ റേഷൻ കടകളിൽപോലും സാധനങ്ങൾ ലഭ്യമാക്കുന്നില്ല. സപ്ലൈകോ, കൺസ്യൂമർഫെഡ് എന്നിവ വഴി സബ്‌സിഡി സാധനങ്ങൾ അടക്കം കൂടുതൽ ലഭ്യമാക്കാനും സർക്കാർ തയ്യാറായിട്ടില്ല. ഇത് അരി അടക്കമുള്ള സാധനങ്ങൾക്ക് വില വർധിക്കാൻ ഇടയാക്കുന്നു. മുൻകാലങ്ങളിലൊന്നുമില്ലാത്ത വിധം നിത്യോപയോഗ സാധനങ്ങൾക്ക് ഒരാഴ്‌ചയ്‌ക്കിടെ രണ്ടും മൂന്നും തവണ വില വർധിക്കാൻ തുടങ്ങിയതോടെ സാധാരണക്കാരുടെ കുടുംബബജറ്റ് പൂര്‍ണമായും താളംതെറ്റി. വിപണി നിയന്ത്രണ നടപടികള്‍ ശക്തമാക്കണമെന്ന് കച്ചവടക്കാരും ഉപഭോക്താക്കളും ഒരുപോലെ ആവശ്യപ്പെടുന്പോഴും നോക്കുകുത്തിയാകുകയാണ് സർക്കാർ. ഇതരസംസ്ഥാനങ്ങളിലെ മഴക്കുറവ് കാരണമുള്ള ഉല്‍പ്പാദനക്ഷാമം, ചരക്കുകൂലി വര്‍ധന, പാചകവാതക ലഭ്യതക്കുറവ് എന്നിവ വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടും ഓണക്കാലത്തെ ആവശ്യം മുൻകൂട്ടി കണ്ട് സർക്കാരിന് ഇടപെടാൻ കഴിയാഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഒരു മാസത്തിനിടെ അരി, മുളക്, പയർവര്‍ഗങ്ങള്‍, പഞ്ചസാര, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവയ്‌ക്ക് വിലയിൽ 30ശതമാനം വരെ വർധനയുണ്ടായി. അരി കിലോക്ക് 10–15വരെയും പയർവർഗങ്ങൾക്ക് 20രൂപ വരെയും വർധിച്ചു. വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ആന്ധ്ര അരിക്ക് കിലോക്ക് 38ൽനിന്ന് 48.50ആയി. മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും സമാനമായ രീതിയിലാണ് വില വര്‍ധന. പഞ്ചസാര കിലോയ്ക്ക് മൊത്തവ്യാപാര ശാലകളിൽ 45രൂപയില്‍നിന്ന് 55 രൂപയായി. ചില്ലറ വിൽപ്പന 59നുമുകളിലാണ്. ഉഴുന്നിന്റെ വില 90ൽനിന്ന് കിലോയ്ക്ക് 135ആയി. 65രൂപയായിരുന്ന വൻപയറിന് 103 രൂപയും പിരിയൻ മുളകിന് 330ൽനിന്ന് 450രൂപയുമായി. കടല -80-ൽനിന്ന് 95ആയി.










0 comments