മാറ്റം വന്നു, റേഷൻ കടകൾ കാലി

സ്വന്തം ലേഖിക
Published on Aug 18, 2026, 01:48 AM | 1 min read
കൊല്ലം
മാറ്റം വന്നു, റേഷൻ കടകൾ കാലി. ഓണമായിട്ടും ഇൗ മാസത്തെ ഭക്ഷ്യധാന്യങ്ങൾ ഭൂരിഭാഗം റേഷൻ കടകളിലും എത്തിക്കാനാകാതെ സർക്കാർ. എൽഡിഎഫ് സർക്കാർ ഭരണത്തിലിരുന്ന പത്ത് വർഷവും ഓണത്തിനടക്കം അല്ലലില്ലാതെ കഴിഞ്ഞിടത്താണ് ഇപ്പോൾ അരി ഉൾപ്പെടെയുള്ള ഒരു ഭക്ഷ്യധാന്യവും പലയിടത്തും ലഭ്യമല്ലാത്തത്. ഓണത്തിന് വെള്ള, നീല കാർഡുകാർക്ക് നൽകിവന്ന സ്‌പെഷ്യൽ അരിയും എത്തിയിട്ടില്ല. 26രൂപ നിരക്കിൽ 10കിലോ അരി സ്‌പെഷ്യലായി നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. ജില്ലയിൽ ഇൗ മാസം വിതരണംചെയ്യാനുള്ള റേഷൻ അരി, ആട്ട അടക്കമുള്ള സാധനങ്ങൾ 17 ദിവസം കഴിഞ്ഞിട്ടും എത്തിയിട്ടില്ല. സാധാരണ നാലാം പ്രവൃത്തി ദിവസം എത്തുന്ന ഭക്ഷ്യസാധനങ്ങളാണ് ഇനിയും എത്താത്തത്. സാധനങ്ങളില്ലാത്തതിനാൽ സൗജന്യ ഓണക്കിറ്റ് വിതരണവും വൈകിയിരുന്നു. ജില്ലയിൽ 47,331 മഞ്ഞ കാർഡുകളിലായി 1,40,666 അംഗങ്ങൾക്കും 45 ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻപിഐ (നോൺ പ്രയോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻ)കാർഡ് ഉടമകളായ 1125 പേർക്കും ഉള്ള കിറ്റ് തിങ്കളാഴ്‌ചയാണ് റേഷൻ കടകളിൽനിന്ന് വിതരണം തുടങ്ങിയത്. പത്ത് വർഷമായി എൽഡിഎഫ് സർക്കാർ ഓണത്തിന് മൂന്നാഴ്‌ച മുന്പ് അർഹരുടെ കൈകളിലെത്തിച്ച കിറ്റാണിത്. ഈ മാസം അഞ്ചുമുതൽ കിറ്റുകൾ റേഷൻകടകളിൽ എത്തിക്കണമെന്നും 10മുതൽ വിതരണം ചെയ്യുമെന്നുമായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. സാധനങ്ങൾ പലതും എത്താത്തതിനാൽ കിറ്റ് തയ്യാറാക്കാൻ സപ്ലൈകോയ്‌ക്ക് കഴിഞ്ഞിരുന്നില്ല.










0 comments