പഴമല്ല, വാഴയിലയാണ് മുഖ്യം

എം ബി അൻസാർ
Published on Aug 18, 2026, 01:46 AM | 1 min read
പത്തനാപുരം
തമിഴനാട്ടിൽനിന്നുള്ള വാഴയിലയെ ആശ്രയിക്കാതെ നാടൻ ഇലയിൽതന്നെ ഇനി ഓണം ഉണ്ണാം. വാഴയില ഉൽപ്പാദിപ്പിച്ച് വിപണി കീഴടക്കുകയാണ് ഇളമണ്ണൂർ നവനീതയിൽ സുരേഷും കുടുംബവും. പാട്ടത്തിനെടുത്ത നാലേക്കർ സ്ഥലത്ത് ഏകദേശം 4000 ഞാലിപ്പൂവൻ വാഴകളാണ് നട്ടുവളർത്തുന്നത്. വാഴപ്പഴത്തിനേക്കാൾ ഇലയുടെ ആവശ്യകത തിരിച്ചറിഞ്ഞാണ് ഇത്തരമൊരു സംരംഭത്തിലേക്ക് സുരേഷ് തിരിഞ്ഞത്. ഒരു ഇലയ്‌ക്ക് 3–4 രൂപയാണ് ഇൗടാക്കുന്നത്. ചിങ്ങം പിറന്നതോടെ സുരേഷിന്റെ വാഴത്തോട്ടത്തിൽ തിരക്കേറി. ഓണക്കാല സദ്യക്കും ആഘോഷങ്ങൾക്കും ആവശ്യമായ വാഴയിലയ്‌ക്ക് നിരവധി ഓർഡറുകളാണ് വിവിധ ജില്ലകളിൽനിന്ന് ലഭിക്കുന്നത്. ആവശ്യാനുസരണം ഇല വെട്ടിയെടുത്ത് വൃത്തിയാക്കി കെട്ടുകളാക്കി ഉപയോക്താക്കൾക്ക് എത്തിച്ചുനൽകുകയാണ് ചെയ്യുന്നത്. വാഴകളുടെ പരിപാലനംമുതൽ ഇല വെട്ടിയെടുക്കുന്നതും പാക്ക് ചെയ്യുന്നതും എത്തിക്കുന്നതും സുരേഷും കുടുംബാംഗങ്ങളും ചേർന്നാണ്. ഇതിലൂടെ കുടുംബത്തിന് വരുമാനം ലഭിക്കുന്നതിനൊപ്പം നാട്ടിൽതന്നെ ഒരു ചെറിയ കാർഷിക സംരംഭത്തിനും രൂപം നൽകിയിരിക്കുകയാണ്. ഈ ഓണക്കാലത്ത് നാട്ടുകൃഷിക്കും യുവസംരംഭകത്വത്തിനും പുതിയൊരു മുഖം നൽകുകയാണ് ‘വാഴയില ബിസിനസ്.










0 comments