print edition മന്ത്രി ഫ്ലാഗ്‌ഓഫ് ചെയ്‌തത് 14 ബസ്: കഴുകി, പെയിന്റടിച്ച് പുറത്തിറക്കി; പേര് മോഡിഫിക്കേഷൻ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സർക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കെഎസ്‌ആർടിസി ബസുകളുടെ നവീകരണത്തിന്റെ പേരിലും തട്ടിപ്പ്. 10 വർഷംവരെ പഴക്കമുള്ള 14 ബസാണ് മോഡിഫിക്കേഷനൊന്നും വരുത്താതെ പുറംപെയിന്റടിച്ച് പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയ്ക്ക് സിറ്റി ഡിപ്പോയിൽനിന്ന് നിരത്തിലിറക്കിയത്. പുതിയ പെയിന്റടിച്ചും അകവും വിൻഡോഗ്ലാസുകളും നന്നായി കഴുകിയും പുറത്തിറക്കിയ ബസുകളാണ് വ്യാഴാഴ്‌ച വലിയ മേനിനടിച്ച് ഗതാഗതമന്ത്രി ഫ്ലാഗ്‌ഓഫ് ചെയ്‌തത്. തട്ടിക്കൂട്ടിയിറക്കിയ ബസുകളുടെ ഫ്ലാഗ്‌ഓഫ് ചടങ്ങ് ആഡംബരപൂർണമായിരുന്നു.
ഡീലക്സ് വിഭാഗത്തിൽപ്പെട്ട ബസുകൾക്ക് രണ്ടര ലക്ഷത്തോളം രൂപയും എഫ്പി, എസ്എഫ്പി, ബിടിസി തുടങ്ങി മറ്റ് വിഭാഗങ്ങളിലുള്ള ബസുകൾക്ക് ഒന്നര ലക്ഷത്തോളം രൂപയുമാണ് നവീകരണത്തിനായി ചെലവിട്ടത്. ബസുകൾ കഴുകി പെയിന്റടിച്ചതിന് ലക്ഷങ്ങളുടെ ചെലവ് വരുമോയെന്ന ചോദ്യം ബാക്കി. വാഹനങ്ങളുടെ അകവും പുറവും ഭംഗിയാക്കുന്നതിനൊപ്പം മെക്കാനിക്കൽ, ഇലക്ട്രിക്കൽ സംവിധാനങ്ങൾ, സീറ്റ്, ലൈറ്റിങ്, തറ, വിൻഡോ തുടങ്ങിയവയെല്ലാം അറ്റകുറ്റപ്പണി നടത്തിയെന്നാണ് അധികൃതരുടെ വാദം. അതേസമയം, ഇവയൊന്നും പദ്ധതിയുടെ ഭാഗമായി മാറ്റിയിട്ടില്ലെന്നതാണ് യാഥാർഥ്യം. ദീർഘദൂര സർവീസ് നടത്തുന്ന ബസുകളെല്ലാം മുന്പും വർഷത്തിലൊരിക്കൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇതിനെ നൂറുദിന പദ്ധതിയുടെ ഭാഗമായി മാറ്റി അവതരിപ്പിക്കുക മാത്രമാണ് ചെയ്‌തത്.
സൂപ്പർ ക്ലാസ് ശ്രേണിയിലുള്ള 26 ബസും ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ശ്രേണിയിലുള്ള 52 ബസും 22 ഓർഡിനറി ബസുമാണ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. കാലാവധി കഴിഞ്ഞെങ്കിലും സാങ്കേതികമായി മികച്ച രീതിയിൽ പുനരുപയോഗിക്കാൻ കഴിയുന്ന ബിഎസ് മൂന്ന്, ബിഎസ് നാല് വിഭാഗങ്ങളിൽപ്പെടുന്ന ബസുകളാണ് നിലവിൽ നവീകരിക്കുന്നതെന്നാണ് മന്ത്രിയുടെ അവകാശവാദം.










0 comments