ഭൂമി നിർമാണയോഗ്യമോ, കെ സ്മാർട്ട് പറയും
സൂപ്പറായി കെ സ്മാർട്ട് ; പത്തുമുതൽ പൂർണസജ്ജം

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളുടെ സേവനം ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെ നൽകുന്ന കെ സ്മാർട്ട് പത്തുമുതൽ പൂർണസജ്ജമാകും. ആദ്യഘട്ടം കോർപറേഷനിലും മുനിസിപ്പാലിറ്റിയിലും വിന്യസിച്ച കെ സ്‌മാർട്ടിന്റെ സേവനം ഇതോടെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലുമെത്തും.
ജനന-മരണ–വിവാഹ രജിസ്‌ട്രേഷൻ, വസ്തുനികുതി, കെട്ടിട നിർമാണ പെർമിറ്റ് തുടങ്ങിയ സേവനങ്ങൾ ഇ- ഗവേണൻസിന്റെയും സ്മാർട്ട് ഓഫീസുകളുടെയും ഭാഗമായി ഡിജിറ്റലാക്കിയിട്ടുണ്ടെങ്കിലും വിവിധ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രവർത്തനം. https://ksmart.lsgkerala.gov.in വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും ഇനി മുതൽ സേവനങ്ങൾ വിരൽത്തുമ്പിൽ എത്തും.
ഓഫീസുകളിൽ എത്താതെതന്നെ പൊതുജനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം. വാട്സാപ്പ്, ഇ മെയിൽ എന്നിവവഴി രസീതും സാക്ഷ്യപത്രവും ലഭിക്കും. ആധാർ, പാൻകാർഡ്, ഇ മെയിൽ ഐഡി എന്നിവ ഉപയോഗിച്ച് കെ -സ്മാർട്ടിൽ ലോഗിൻ ചെയ്യാം. അപേക്ഷയുടെയും പരാതിയുടെയും സ്ഥിതിവിവരം ഓൺലൈനായി സമയാസമയം അറിയാം.
ഭൂമി നിർമാണയോഗ്യമോ, കെ സ്മാർട്ട് പറയും
ഒരു സ്ഥലത്ത് ഏതെല്ലാംതരം കെട്ടിടങ്ങളാണ് നിർമിക്കാനാകുകയെന്ന വിവരം അറിയാൻ കെ സ്‌മാർട്ടിലെ ‘നോ യുവർ ലാൻഡ്’ ഫീച്ചർ വഴി സാധിക്കും. ജോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം, കെ സ്‌മാർട്ട് സംവിധാനവുമായി സംയോജിപ്പിച്ചാണിത്. ഗൂഗിൾ മാപ്പിൽനിന്ന് നിർമാണസ്ഥലം തെരഞ്ഞെടുത്താൽ അവിടെ നിലവിലുള്ള നിയന്ത്രണം, ഏതു തരം കെട്ടിടം നിർമിക്കാം, എത്ര നില പണിയാം തുടങ്ങിയ വിവരങ്ങൾ ലഭിക്കും. കെട്ടിട നിർമാണ പ്ലാൻ ചട്ടപ്രകാരമുള്ളതാണോ എന്ന് സോഫ്റ്റ്‌വെയർ പരിശോധിച്ച് ഉറപ്പാക്കുന്നതിനാൽ ഫീൽഡ് പരിശോധന ലഘൂകരിക്കപ്പെടും. ജനങ്ങൾക്കും ലൈസൻസികൾക്കും പെർമിറ്റ് വിവരം ഓൺലൈനായി പരിശോധിക്കാം.
ജിഐഎസ് സാങ്കേതികവിദ്യയിലൂടെ പ്ലോട്ടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കുന്നതിനാൽ അതിവേഗം കെട്ടിട നിർമാണ പെർമിറ്റുകൾ ജനങ്ങൾക്ക് ലഭ്യമാകും. നിർമാണാനുമതി ലഭിച്ച കെട്ടിടങ്ങളുടെ വിവരങ്ങൾ ‘കെ മാപ്’ എന്ന ഫീച്ചറിലൂടെ പൊതുജനങ്ങൾക്ക് അറിയാം.
ലഭ്യമാകുന്ന സേവനങ്ങൾ
● ജനന – മരണ – വിവാഹ രജിസ്‌ട്രേഷൻ
● വസ്‌തുനികുതി
● തൊഴിൽനികുതി
● കെട്ടിടങ്ങൾ, സ്ഥലങ്ങൾ എന്നിവയിൽ നിന്നുള്ള വാടക
● വ്യാപാര, വ്യവസായ ലൈസൻസ്
● കെട്ടിട നിർമാണ അനുമതി
● പൊതുജന പരാതി പരിഹാരം
● മൊബൈൽ ആപ്








0 comments