print edition തൊഴിലുറപ്പിന് ചരമഗീതമെഴുതുന്നു: കെഎസ്‌കെടിയു

തിരുവനന്തപുരം: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കി വിബിജിആർഎഎംജി ആരംഭിച്ച കേന്ദ്രസർക്കാർ, സംസ്ഥാനങ്ങൾക്കുള്ള ഗഡു അനുവദിക്കുന്ന പ്രക്രിയ ആരംഭിച്ചതോടെ തൊഴിലുറപ്പെന്ന ലക്ഷ്യം അട്ടിമറിക്കപ്പെട്ടുവെന്ന് കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ. പദ്ധതിക്ക് ഏറ്റവും കൂടുതൽ വിഹിതം നൽകിയത് ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിനാണ്– 3210.76 കോടി രൂപ. കേരളത്തിന് 925.33 കോടിമാത്രമാണ് അനുവദിച്ചത്.
പ്രിയപ്പെട്ടവർക്ക് വാരിക്കോരി നൽകുന്ന കേന്ദ്രസമീപനമാണ് വിഹിതം നിശ്ചയിച്ചതിൽ കാണാനാകുന്നത്. ഇത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്.
സംസ്ഥാന സർക്കാരാകട്ടെ, കേന്ദ്രത്തിന്റെ തൊഴിലാളിവിരുദ്ധ നിലപാടുകൾക്കെതിരെ നിശ്ശബ്ദത പാലിക്കുന്നു. വിബിജിആർഎഎംജിയിൽ വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ തയ്യാറാക്കുമ്പോഴാണ് പദ്ധതിക്ക് തുടക്കമാവുക.
നേരത്തേ അടിത്തട്ടിൽനിന്ന് ആവശ്യങ്ങൾ ഉയർന്നുവരുന്നതുപ്രകാരം നിശ്ചയിക്കപ്പെട്ടിരുന്ന തൊഴിലുറപ്പ് പദ്ധതിയെ, മുകളിൽനിന്ന് നൽകുന്ന നിർദേശങ്ങൾക്കനുസൃതമായി വെട്ടിയൊരുക്കുന്നത് അത്യന്തം പ്രതിഷേധാർഹമാണ്.
40 ശതമാനം ചെലവ് സംസ്ഥാനങ്ങൾ വഹിക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളുടെമേൽ ഭാരമിടാനും തൊഴിലുറപ്പിന് ചരമഗീതം രചിക്കാനുമാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഇൗ നീക്കത്തിനെതിരെ പ്രതിഷേധം ഉയർന്നുവരണമെന്ന് സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പനും ജനറൽ സെക്രട്ടറി എൻ ചന്ദ്രനും അഭ്യർഥിച്ചു.











0 comments