നിതിൻ രാജിൻ്റെ മരണം ജാതീയ വിവേചനത്തിൻ്റെയും സവർണ ബോധത്തിൻ്റെയും ബാക്കിപത്രം: കെഎസ്കെടിയു

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ദാരുണമായ മരണം ക്യാമ്പസിനുള്ളിലെ ജാതീയ വിവേചനത്തിന്റെയും സവർണ്ണ ബോധത്തിന്റെയും ബാക്കിപത്രമാണെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പനും ജനറൽ സെക്രട്ടറി എൻ ചന്ദ്രനും പ്രസ്താവനയിൽ പറഞ്ഞു.
മിടുക്കനായ ഒരു ദളിത് വിദ്യാർത്ഥിക്ക് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതും ഒടുവിൽ ജീവിതം അവസാനിപ്പിക്കേണ്ടി വന്നതും കേരളീയ പൊതുസമൂഹത്തിന് ആകെ നാണക്കേടാണെന്ന് കെഎസ്കെടിയു ഭാരവാഹികൾ ചൂണ്ടിക്കാട്ടി. നാടുനീങ്ങിയെന്ന് നാം കരുതിയ പഴയ ചാതുർവർണ്യ വ്യവസ്ഥയെ പുതിയ രൂപത്തിൽ കലാലയങ്ങളിൽ തിരികെ കൊണ്ടുവരാനുള്ള ഗൂഢമായ നീക്കങ്ങൾ പല ഭാഗങ്ങളിലും ശക്തിപ്പെടുന്നുണ്ട്.
ദളിത് - പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട കുട്ടികൾ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്നത് തടയാൻ സവർണ്ണ മേധാവിത്വ മനോഭാവമുള്ള ചില ശക്തികൾ ബോധപൂർവ്വം ശ്രമിക്കുകയാണ്. നിതിൻ രാജിനെ മരണത്തിലേക്ക് നയിച്ച ജാതീയമായ അധിക്ഷേപങ്ങളും മാനസിക പീഡനങ്ങളും ഇത്തരം ജീർണ്ണിച്ച ചിന്താഗതിയുടെ ഫലമാണ്.
ക്യാമ്പസുകളിൽ ജാതീയമായ ഉച്ചനീചത്വങ്ങൾ വളർത്തുന്ന ഇത്തരം ശക്തികളെ മുളയിലേ നുള്ളേണ്ടതുണ്ട്. നിതിൻ രാജിന്റെ മരണത്തിന് പിന്നിലുള്ള ഓരോ കുറ്റവാളികളേയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണം. സവർണ്ണ ബോധത്തിന്റെ ഈ ക്രൂരതയ്ക്കെതിരെയും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും കേരളം ഒറ്റക്കെട്ടായി നിലകൊള്ളണം.
നിതിൻ രാജിന്റെ മരണത്തിൽ നീതി ലഭിക്കുവാൻ വേണ്ടിയുള്ള കുടുംബത്തിൻ്റെ പോരാട്ടത്തിൽ കെഎസ്കെടിയുവിൻ്റെ പിന്തുണയുണ്ടാവുമെന്നും ജാതി വിവേചനങ്ങൾക്കെതിരെയുള്ള നിലപാടുമായി കെഎസ്കെടിയു ശക്തമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ വ്യക്തമാക്കി.










0 comments