ad
Deshabhimani

'പ്രോജക്ട് സീറോ': കറിപൗഡർ കമ്പനിക്ക് വൈദ്യുതി കണക്ഷൻ നൽകാൻ കൈക്കൂലി, കെഎസ്ഇബി സബ് എൻജിനീയർ പിടിയിൽ

nazeer kollam vigilance
വെബ് ഡെസ്ക്

Published on Jun 20, 2026, 01:56 PM | 1 min read

തിരുവനന്തപുരം: കൈക്കൂലി വാങ്ങിയ കെഎസ്ഇബി സബ് എൻജിനീയറെ കൈയ്യോടെ പിടികൂടി വിജിലൻസ്. അഴിമതിക്കെതിരെയുള്ള "പ്രോജക്ട് സീറോ" പദ്ധതിയുടെ ഭാഗമായാണ് നടപടി. പുതിയ വ്യവസായ സംരംഭത്തിന് വൈദ്യുതി കണക്ഷൻ നൽകുന്നതിനായി 5,000 രൂപ കൈക്കൂലി വാങ്ങിയ കെഎസ്ഇബി ചാത്തന്നൂർ സെക്ഷൻ ഓഫീസിലെ സബ് എൻജിനീയറും, കൊല്ലം കണ്ണനല്ലൂർ മുഖത്തല സ്വദേശിയുമായ നസീർ ഐ (53) ആണ് പിടിയിലായത്. ഇന്ന് (ശനിയാഴ്ച) ഉച്ചയ്ക്ക് 12.10-ഓടെ കുമ്മല്ലൂരിലുള്ള സ്ഥാപനത്തിൽ വെച്ച് പരാതിക്കാരനിൽ നിന്നും പണം വാങ്ങുന്നതിനിടയിലാണ് വിജിലൻസ് സംഘം ഇയാളെ വലയിലാക്കിയത്.


കൊല്ലം ജില്ലയിലെ കുമ്മല്ലൂരിൽ പുതുതായി ആരംഭിക്കുന്ന കറിപൗഡർ കമ്പനിക്ക് വേണ്ടിയാണ് പരാതിക്കാരൻ വൈദ്യുതി കണക്ഷന് അപേക്ഷിച്ചത്. ആറുമാസം മുൻപ് ഓൺലൈനായി അപേക്ഷ നൽകിയിരുന്നു. കണക്ഷനായി പുതിയ ട്രാൻസ്ഫോർമറും സ്ഥാപിച്ചു. ഇതിനുശേഷം സബ് എൻജിനീയർ നസീർ രണ്ടുതവണ സ്ഥലപരിശോധന നടത്തി. എന്നിട്ടും വൈദ്യുതി കണക്ഷൻ നൽകാൻ ഇയാൾ തയ്യാറായില്ല.


തുടർന്ന് വെള്ളിയാഴ്ച നസീർ കെട്ടിട നിർമ്മാണ കരാറുകാരനെ ഫോണിൽ വിളിച്ചു. കണക്ഷൻ നൽകണമെങ്കിൽ 5,000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. കൈക്കൂലി നൽകാൻ താല്പര്യമില്ലാതിരുന്ന പരാതിക്കാരൻ വിവരം കൊല്ലം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.


തുടർന്ന് വിജിലൻസ് സംഘം കുമ്മല്ലൂരിലെ സ്ഥാപനത്തിൽ കാത്തിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.10-ഓടെ പരാതിക്കാരനിൽ നിന്നും പണം വാങ്ങുന്നതിനിടയിൽ നസീറിനെ വിജിലൻസ് പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home