1,30,197 കണക്ഷനുകൾ പ്രീപെയ്ഡ് സംവിധാനത്തിലേക്ക് , ആഗസ്‌തോടെ ആദ്യഘട്ടം പൂർത്തിയാകും
print edition കെഎസ്ഇബി സ്മാർട്ട് മീറ്റർ ; വൈദ്യുതി വാങ്ങൽ വിരൽത്തുമ്പിൽ


സ്വാതി സുജാത
Published on Mar 02, 2026, 01:18 AM | 1 min read
തിരുവനന്തപുരം
കേരളത്തിലെ വൈദ്യുതി വിതരണരംഗം ഡിജിറ്റൽ യുഗത്തിലേക്ക് ചുവടുവയ്ക്കുന്നു. സ്മാർട്ട് മീറ്റർ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 1,30,197 സർക്കാർ ഉപയോക്താക്കൾ തിങ്കൾമുതൽ പ്രീപെയ്ഡ് ബില്ലിങ് സംവിധാനത്തിലേക്ക് മാറുന്നു. ഞായർ രാവിലെ 10ന് തുടങ്ങിയ നടപടി രാത്രിയോടെ പൂർത്തിയായി. സംസ്ഥാന സർക്കാർവകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഉൾപ്പെടെയുള്ളവരാണ് ആദ്യഘട്ടത്തിൽ ഈ അത്യാധുനിക സേവനത്തിന്റെ ഭാഗമാകുന്നത്.
മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നതുപോലെ, ആവശ്യമായ തുകയ്ക്കുമാത്രം വൈദ്യുതി മുൻകൂട്ടി വാങ്ങാം. ഇത് അനാവശ്യമായ വൈദ്യുതി ദുരുപയോഗം കുറയ്ക്കാൻ സഹായിക്കും. മീറ്റർ റീഡിങ്ങിലെ പിശകുകളോ വൈകിയുള്ള ബില്ലുകളോ പ്രശ്നമാകില്ല. കൃത്യമായ കണക്കുകൾ ഉപയോക്താവിന് നേരിട്ട് അറിയാം. ബാലൻസ് പരിശോധിക്കാനും റീചാർജ് ചെയ്യാനുമായി പോർട്ടൽ സജ്ജമായി. "കെഎസ്‌ഇബി സ്മാർട്ട് പ്ലസ്' എന്ന മൊബൈൽ ആപ് ഉടൻ പുറത്തിറങ്ങും.
ഡ്യൂട്ടി ഇനത്തിൽ കെഎസ്‌ഇബി നൽകേണ്ട തുക ആദ്യഘട്ടത്തിലെ റീചാർജിങിന് ഉപയോഗിക്കാൻ സർക്കാർ തീരുമാനിച്ചു.
കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പോസ്റ്റ്- പെയ്ഡ് രീതി തന്നെ തുടരും. എന്നാൽ, സ്മാർട്ട് മീറ്ററിൽനിന്ന് ലഭിക്കുന്ന മീറ്റർ റീഡിങ് ഡാറ്റ ബില്ലിങ്ങിന് ഉപയോഗിക്കും. ആദ്യഘട്ട നടപടി പൂർത്തിയാകുന്ന മുറയ്ക്ക് പ്രീപെയ്ഡ് സംവിധാനത്തിലേക്ക് മാറും.
ആദ്യഘട്ടത്തിൽ മൂന്നുലക്ഷം സ്മാർട്ട് മീറ്ററുകളാണ് സ്ഥാപിക്കുന്നത്. 1,72,697 കണക്ഷനുകൾ സ്മാർട്ട് മീറ്ററുകളിലേക്ക് മാറിക്കഴിഞ്ഞു. ആഗസ്‌തോടെ ആദ്യഘട്ടം പൂർത്തിയാകും.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. 15 ശതമാനം കേന്ദ്ര ഗ്രാന്റ് ലഭിക്കുന്ന ടോട്ടക്സ് മാതൃകയേക്കാൾ കുറഞ്ഞ നിരക്കിൽ പദ്ധതി നടപ്പാക്കാൻ ഈ ബദൽ രീതിയിലൂടെ കേരളത്തിന് സാധിച്ചു.
തിരുവനന്തപുരം വൈദ്യുതി ഭവനിലെ "സ്മാർട്ട് മീറ്റർ ഓപ്പറേഷൻ സെന്റർ' വഴിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വെബ് പോർട്ടൽ : http://cportal.kseb.in










0 comments