ad
Deshabhimani

print edition വൈദ്യുതി വൈകിയാൽ 
കീശ നിറയും; ചട്ടം ഭേദഗതിചെയ്ത്‌ വൈദ്യുതി റഗുലേറ്ററി കമീഷൻ

Bulb Light
avatar
സ്വന്തം ലേഖിക

Published on Mar 12, 2026, 01:46 AM | 1 min read

തിരുവനന്തപുരം : കെഎസ്ഇബി സേവനങ്ങളിൽ വീഴ്ച വരുത്തിയാൽ ഉപയോക്താക്കൾക്ക് നൽകേണ്ട നഷ്ടപരിഹാരത്തുക എട്ടിരട്ടിവരെ വർധിപ്പിച്ച് വൈദ്യുതി റഗുലേറ്ററി കമീഷൻ ഉത്തരവിറക്കി. നിശ്ചിത സമയത്തിനുള്ളിൽ വൈദ്യുതി പുനഃസ്ഥാപിച്ചില്ലെങ്കിലോ വോൾട്ടേജ് പരാതികൾ പരിഹരിച്ചില്ലെങ്കിലോ ഉപയോക്താവ് അപേക്ഷിക്കാതെ തന്നെ നഷ്ടപരിഹാരത്തുക അടുത്ത മാസത്തെ ബില്ലിൽ ഇളവ് ചെയ്തുനൽകണം.


​ഫ്യൂസ് പോയാൽ നഗരങ്ങളിൽ നാല്‌ മണിക്കൂറിനുള്ളിലും ഗ്രാമങ്ങളിൽ ആറ്‌ മണിക്കൂറിനുള്ളിലും വൈദ്യുതി പുനഃസ്ഥാപിക്കണം. വീഴ്ചവരുത്തിയാൽ 100 രൂപവീതം നഷ്ടപരിഹാരം നൽകണം. വോൾട്ടേജ് വ്യതിയാനം സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ വൈകിയാൽ നൽകേണ്ട തുക 25 രൂപയിൽനിന്ന് 200 രൂപയാക്കി. ലൈൻ തകരാറുകൾ നഗരങ്ങളിൽ ആറ്‌ മണിക്കൂറിനുള്ളിലും ട്രാൻസ്ഫോർമർ തകരാറുകൾ 18 മണിക്കൂറിനുള്ളിലും പരിഹരിക്കണമെന്നാണ് പുതിയ ചട്ടം.


​പുതിയ കണക്ഷൻ നൽകാനും മീറ്റർ തകരാർ പരിഹരിക്കാനും കർശന സമയപരിധി നിശ്ചയിച്ചു. നഗരപ്രദേശങ്ങളിൽ അപേക്ഷ നൽകി മൂന്നുദിവസത്തിനുള്ളിലും ഗ്രാമങ്ങളിൽ ഏഴ്‌ ദിവസത്തിനുള്ളിലും പുതിയ കണക്ഷൻ നൽകണം. മീറ്റർ മാറ്റാൻ മൂന്ന്‌ പ്രവൃത്തി ദിവസമാണ് സമയം.


​അറ്റകുറ്റപ്പണികൾക്കായി വൈദ്യുതി തടസ്സപ്പെടുത്തുന്നുണ്ടെങ്കിൽ 24 മണിക്കൂർ മുന്പ്‌ അറിയിക്കണമെന്നും ഒരു ദിവസം 10 മണിക്കൂറിൽ കൂടുതൽ വൈദ്യുതി മുടങ്ങരുതെന്നും നിർദേശമുണ്ട്. സേവനങ്ങളുടെ സ്ഥിതിയും നഷ്ടപരിഹാരത്തുക അക്കൗണ്ടിൽ വന്നോ എന്നറിയാനും പ്രത്യേക ഓൺലൈൻ പോർട്ടൽ ഉടൻ നിലവിൽ വരും. ഡീസൽ ജനറേറ്ററുകൾ ഒഴിവാക്കി ശുദ്ധമായ ഊർജ ബാക്കപ്പിലേക്ക് മാറാനും കെഎസ്ഇബിക്ക് റഗുലേറ്ററി കമീഷൻ നിർദേശം നൽകിയിട്ടുണ്ട്.


24 മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാനും ഡീസൽ ജനറേറ്ററുകൾ ഒഴിവാക്കി ശുദ്ധമായ ഊർജ ബാക്കപ്പിലേക്ക്‌ മാറാനുള്ള പദ്ധതി സമർപ്പിക്കാനും റഗുലേറ്ററി കമീഷൻ കെഎസ്ഇബിക്കു നിർദേശം നൽകി. സേവനം വൈകിയാൽ നഷ്ടപരിഹാരം ആവശ്യപ്പെടാനും അപേക്ഷയുടെ സ്ഥിതിയും എടുത്ത തീരുമാനവും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്ത നഷ്ടപരിഹാര തുകയും അറിയാനും ഓൺലൈൻ പോർട്ടൽ വരും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home