print edition ജിഎൻഎ കരാർ മരവിപ്പിച്ചു; കൊള്ളനീക്കം പൊളിഞ്ഞു

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിയാണെന്ന ആരോപണം വ്യാജമെന്ന് തെളിഞ്ഞതോടെ അമിതവിലയ്‌ക്ക് സ്വകാര്യ പ്ലാറ്റ്‌ഫോമായ ജിഎൻഎ വഴി ഇടപാട് നടത്താനുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ നീക്കം പൊളിഞ്ഞു. പ്രതിസന്ധിയില്ലെന്നും പുതിയ കരാർ ആവശ്യമില്ലെന്നും കെഎസ്‌ഇബി റിപ്പോർട്ട് നൽകി. ഇതോടെ മറ്റുവഴിയില്ലാതെ കരാർ നീക്കം മരവിപ്പിച്ചു.
കെഎസ്‌ഇബിയുടെ പുതിയ സിഎംഡി എൻ പ്രശാന്ത് മുഖ്യമന്ത്രിയെ കണ്ട് സാഹചര്യം വിവരിച്ചു. റെഗുലേറ്ററി കമീഷന്റെ അനുമതിയോ ടെൻഡറോ ഇല്ലാത്ത നിയമവിരുദ്ധ ഇടപാട് കമീഷൻ അടിക്കാനെന്ന ആരോപണം ശക്തമായിട്ടും മുഖ്യമന്ത്രി കടുത്ത സമ്മർദം തുടർന്നു. 1566 കോടി രൂപയുടെ ഇടപാടായിരുന്നു ലക്ഷ്യം. ആ ഘട്ടത്തിൽ ഹിമാചൽ വൈദ്യുതിയാണ് താരതമ്യേന ലാഭകരമെന്ന് കെഎസ്‌ഇബി വ്യക്തമാക്കിയിരുന്നു.
ജിഎൻഎ വഴി വൈദ്യുതി വാങ്ങിയാൽ പീക് സമയത്തെ അധികവൈദ്യുതി കണ്ടെത്തുന്നതിനടക്കം കുറഞ്ഞത് 727 കോടി രൂപയുടെ അധികബാധ്യതയുണ്ടാകും. എന്നിട്ടും 8.90 രൂപ വരെ യൂണിറ്റിന് വിലയുള്ള ജിഎൻഎ ഇടപാടിന് മുഖ്യമന്ത്രി അനുവാദം നൽകുകയായിരുന്നു.
റെഗുലേറ്ററി കമീഷന്റെ അനുവാദം ലഭിച്ചില്ലെങ്കിൽ സെക്‌ഷൻ 108 ഉപയോഗിച്ച് സർക്കാർ നയപരമായി നിർദേശം നൽകുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തിപരമായ താൽപ്പര്യം വ്യക്തമാക്കുന്നതായിരുന്നു
നിലവിൽ സംസ്ഥാനത്തിന് ആഭ്യന്തര ജലവൈദ്യുതി, കേന്ദ്രവിഹിതവും അധിക വിഹിതവും, ദീർഘകാല–മധ്യകാല കരാറുകൾ, ഡീപ് പോർടൽ, ബാറ്ററി സ്റ്റോറേജ്, കാറ്റ് എന്നിവയിലൂടെയുള്ള വൈദ്യുതി മതിയാകും. അതിനിടെ, ദേശീയ വൈദ്യുതി കമ്പോളത്തിൽ വൈദ്യുതി വില വൻതോതിൽ ഇടിഞ്ഞു. പീക്ക് സമയത്തെ വൈദ്യുതിക്ക് 3.32 രൂപ നിരക്കേ എക്‌സ്‌ചേഞ്ചിലുള്ളൂ.









0 comments