print edition അതിജീവനത്തിന് ആ"ശ്വാസം'; ജീവൻരക്ഷാ ഉപകരണങ്ങൾക്ക് സൗജന്യ വൈദ്യുതി


സ്വാതി സുജാത
Published on Apr 06, 2026, 12:27 AM | 1 min read
തിരുവനന്തപുരം : രാജാജി നഗറിലെ വീട്ടിലെ ചെറിയ മുറിയുടെ മൂലയിൽ കട്ടിലിനോട് ചേർന്നുള്ള ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ ഇടതടവില്ലാതെ മൂളിക്കൊണ്ടിരിക്കുന്നു. സതിയുടെ ജീവൻ ആ മൂളലുമായി ഇഴചേർന്നിരിക്കുന്നു. ഒന്നോരണ്ടോ വാചകം സംസാരിക്കുമ്പോൾത്തന്നെ ശ്വാസമെടുക്കാൻ പാടുപെടുന്നു. വിറയ്ക്കുന്ന കൈകളോടെ ഓക്സിജൻ മാസ്ക് മുഖത്തോട് ചേർത്ത് ശ്വാസം നേരെയാക്കി അവർ പതുക്കെ പറഞ്ഞു– ‘"ഇതൊരു വലിയ പുണ്യമാണ്. സൗജന്യമായി കറന്റ് കിട്ടുന്നതുകൊണ്ടല്ലേ ഈ മെഷീൻ പ്രവർത്തിക്കുന്നത്. എനിക്ക് ശ്വാസം കിട്ടുന്നത്’'.
സംസ്ഥാനത്തെ 8046 കുടുംബങ്ങളിലും ആശ്വാസത്തിന്റെ ഇത്തരം വാക്കുകളാണ് കേൾക്കാനാകുന്നത്. പത്ത് വർഷമായി വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ബെഡ്, സക്ഷന്‍ ഉപകരണം, ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ തുടങ്ങിയ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി കെഎസ്ഇബി വരുമാന മാനദണ്ഡങ്ങളില്ലാതെ സൗജന്യമായാണ് നൽകുന്നത്. 2016ൽ 96 പേർക്ക് മാത്രമാണ് ഇൗ ആനുകൂല്യം ലഭിച്ചിരുന്നത്. ഇൗ വർഷം മൂന്നുമാസത്തിനകം 1197 കുടുംബങ്ങളിൽ ആശ്വാസമെത്തിക്കാനായി.
പ്രതിമാസം വേണ്ട വൈദ്യുതി ഉപകരണങ്ങളുടെ വാട്ടേജ്, ഉപയോഗിക്കുന്ന മണിക്കൂറുകള്‍ എന്നിവ അടിസ്ഥാനമാക്കി തുക അതത് സെക്ഷൻ അസി. എന്‍ജിനിയര്‍ കണക്കാക്കും. ആറ് മാസത്തേക്കാണ് ഇളവ്. തുടര്‍ന്നും ഉപകരണം ആവശ്യമാണെങ്കിൽ ഗവ.ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്‍മേല്‍ ഇളവ് തുടരും. അതിന് വെള്ളക്കടലാസില്‍ സത്യവാങ്‌മൂലം നല്‍കിയാല്‍ മതി.










0 comments